പവൻ ഖേഡ, അസദുദ്ദീൻ ഉവൈസി

'ഉവൈസിയുടെ രാഷ്​ട്രീയത്തോട്​ വിയോജിപ്പുണ്ട്​. പക്ഷേ, അവരുടെ രാജ്യസ്​നേഹം ചോദ്യം ചെയ്യുന്നത്​ അംഗീകരിക്കാനാവില്ല'

ന്യൂഡൽഹി: ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തിപ്പിടിക്കുന്ന രാഷ്​ട്രീയത്തോടുള്ളതു​പോലെത്തന്നെ എ.ഐ.എം​.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസിയുടെ രാഷ്​ട്രീയത്തോടും തനിക്ക്​ കടുത്ത വിയോജിപ്പുകളുണ്ടെന്ന്​ കോൺഗ്രസ്​ ദേശീയ വക്​താവ്​ പവൻ ഖേഡ. എന്നാൽ, അവരുടെ ദേശസ്​നേഹം ചോദ്യം ചെയ്യപ്പെടു​ന്നത്,​ ആ വിയോജിപ്പിനിടയിലും ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യയിൽ നിങ്ങൾക്ക്​ മൂന്നുതരത്തിലുള്ള രാഷ്​ട്രീയം കാണാം. ഒന്നാമത്തേത്​ സ്വന്തം സമുദായത്തിനും ജാതിക്കും വേണ്ടി മാത്രമായി പ്രവർത്തിക്കുന്നതാണ്​. രണ്ടാമത്തേത്​ മറ്റുള്ള സമുദായത്തിനും ജാതിക്കും എതിരെ പ്രവർത്തിക്കുന്നതാണ്​. മൂന്നാമത്തേതാവ​ട്ടെ, എല്ലാ സമുദായങ്ങൾക്കും ജാതിക്കും വേണ്ടി പ്രവർത്തിക്കുന്നതാണ്​.' -ത​െൻറ ട്വീറ്റിൽ വന്ന കമൻറിന്​ മറുപടിയായി ഖേഡ കുറിച്ചു.

ഉവൈസിയുടെ വോട്ടർമാർ ഇന്ത്യക്കാരല്ലെന്ന്​ ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദി നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ്​ പവൻ ഖേഡയുടെ അഭിപ്രായപ്രകടനം. ത​െൻറ ദേശസ്‌നേഹം തെളിയിക്കാൻ ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അസദുദ്ദീൻ ഉവൈസി ചാനൽ ചർച്ചക്കിടെ പറഞ്ഞിരുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന ആജ് തക് ചാനലിലെ ചർച്ചക്കിടെ ത്രിവേദിയുടെ പരാമർശത്തിന്​ മറുപടിയായാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്. ഒരു മുസ്​ലിമിനെ കാണുമ്പോഴുള്ള നിങ്ങളുടെ മനോഭാവം മാറ്റണം എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഉവൈസി പ്രതികരിച്ചിരുന്നു.


എനിക്ക്​ ശേഷം, എ​െൻറ 10 തലമുറകളോടും നിങ്ങൾ ദേശസ്‌നേഹം തെളിയിക്കാൻ ആവശ്യപ്പെടും. ബി.ജെ.പിയിൽ നിന്ന് ദേശസ്‌നേഹത്തി​െൻറ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന്​ ഞാൻ ഒട്ടും താൽപര്യപ്പെടുന്നില്ല. അവരുടെ സർട്ടിഫിക്കറ്റ് എ​െൻറ ഷൂവിനടിയിൽ സൂക്ഷിക്കുന്നു. ഞാൻ ഇന്ത്യയോട് കൂറുള്ളവനാണ്. അത് അങ്ങനെതന്നെ തുടരുമെന്നും ഉവൈസി പറഞ്ഞു.

ഞങ്ങളുടെ പൂർവികർ നെഞ്ച്​ ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെയാണ് ശ്​മശാനത്തിൽ കിടക്കുന്നത്. ഇന്ത്യയോടുള്ള എ​െൻറ വിശ്വസ്തത ആരോടും തെളിയിക്കേണ്ടതില്ല. നിങ്ങൾക്ക് വേണ്ടത് ചെയ്യുക. ഞാൻ ഇന്ത്യക്കാരനാണ്, എനിക്ക് ആരുടെയും സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. ഇന്ത്യയുടെ ഭരണഘടന എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്​. 'ഭാരത് മാതാ കി ജയ്' എന്ന് പറയുന്നവരെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Questioning Owaisi's Patriotism is Completely Unacceptable -Pawan Khera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.