മുംബൈ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷികം ആഘോഷിക്കുന്നതിൽനിന്ന് 99 വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനി ഡോ. ജി.ജി. പരീഖ് അടക്കമുള്ളവരെ മഹാരാഷ്ട്ര പൊലീസ് തടഞ്ഞതായി സംഘാടകർ. വിദ്യാർഥിയായിരിക്കെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജി.ജി. പരീഖ് ഇപ്പോഴത്തെ പൊലീസ് നടപടിയിൽ അസ്വസ്ഥനാണെന്നും ഇവർ അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി അടക്കം 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും സംഘാടകർ വാർത്താ കുറിപ്പിൽ പറഞ്ഞു. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
‘മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷിക ദിനമായ ഇന്ന്, മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലിന് നാം സാക്ഷ്യം വഹിച്ചു. 1943 മുതൽ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസ ദിനത്തെ നമ്മുടെ മുതിർന്ന സ്വാതന്ത്ര്യ സമര സേനാനികൾ അനുസ്മരിക്കാറുണ്ട്. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥിയായിരുന്ന, 99-ാം വയസ്സിലും ഈ ജാഥ നയിച്ചുകൊണ്ടിരിക്കുന്ന ഡോ. ജി.ജി. പരീഖ് വിചിത്രമായ ഈ സംഭവവികാസത്തിൽ തീർത്തും അസ്വസ്ഥനാണ്.
ബ്രിട്ടീഷ് സാമ്രാജ്യവുമായി കൂട്ടുകൂടിയ ആർ.എസ്.എസും ഹിന്ദു മഹാസഭയും അടക്കമുള്ളവർ എതിർത്ത ഈ ദിനം അനുസ്മരിക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത് ഇതാദ്യമാണ്. എന്നിട്ടും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെക്കുറിച്ച് പരാമർശമില്ല. സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിക്കാൻ ബിജെപി-ആർഎസ്എസ് സംഘം അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്.
നിലവിൽ ഡി.ബി മാർഗ് പൊലീസ് സ്റ്റേഷനിൽ 50 ഓളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടികൾക്ക് ശേഷം മാത്രമേ അവരെ വിട്ടയക്കൂ എന്നാണ് പറയുന്നത്. അതിരാവിലെ തന്നെ തുഷാർ ഗാന്ധിയുടെയും ടീസ്റ്റ സെറ്ററൽവാദിന്റെയും വസതികളിൽ പൊലീസ് പോവുകയും ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് അവരോട് പറയുകയും ചെയ്തത് ആശങ്കാജനകമായ കാര്യമാണ്. പിന്നീട്, തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടീസ്റ്റ സെറ്റൽവാദിനോട് വീട്ടിനുള്ളിൽ തന്നെ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു.
ജനകീയ പ്രസ്ഥാനമെന്ന നിലയിൽ, ഗിർഗാം ചൗപാട്ടിയിലെ തിലക് പ്രതിമയിൽ നിന്ന് ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് മാർച്ച് നടത്തി ഞങ്ങൾ എല്ലാ വർഷവും ക്വിറ്റ് ഇന്ത്യാ സമരത്തെ അനുസ്മരിക്കാറുണ്ട്. എന്നാൽ, ഈ വർഷം ഈ വർഗീയ ഫാഷിസ്റ്റ് ഭരണകൂടം ഞങ്ങളെ തടഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രദിനത്തിലെ അഭൂതപൂർവമായ ഈ അടിച്ചമർത്തൽ, ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങൾക്ക് മേലുള്ള ആക്രമണത്തെ ചെറുക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഈ ദിവസം, നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം അനുസരിച്ച് ജീവിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നത് തുടരും’ -ക്വിറ്റ് ഇന്ത്യ അനുസ്മരണ സംഘാടകരായ മധു മോഹിതെ, ഫിറോസ് മിതിബോർവാല, ഗുഡ്ഡി എസ്.എൽ. പ്രഭാകർ നർക്കർ, വിശ്വാസ് ഉത്തഗി, പൂനം കനോജിയ എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.