ന്യൂഡല്‍ഹി: നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യമുണ്ടാക്കിയെങ്കിലും സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്ന നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 68ാം റിപ്പബ്ളിക്ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണവും അഴിമതിയും തടയുന്നതിന് പ്രഖ്യാപിച്ച നോട്ട് നിരോധനം, കൂടുതല്‍ സാമ്പത്തികയിടപാടുകള്‍ പണരഹിതമാകാന്‍ സഹായിക്കുമെന്നും ഇത് ഈ രംഗത്ത് സുതാര്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാനാത്വത്തിലും വൈവിധ്യത്തിലുമാണ് രാജ്യത്തിന്‍െറ ശക്തി കുടികൊള്ളുന്നത്. ഇന്ത്യക്കാരന്‍ എന്നതിലാണ് നാം അഭിമാനിക്കുന്നത്; അസഹിഷ്ണുവായ ഇന്ത്യക്കാരന്‍ എന്നതിലല്ല. പലവിധ കാഴ്ചപ്പാടുകളും ചിന്തകളും തത്ത്വശാസ്ത്രങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് പുലര്‍ന്നിട്ടുണ്ട്. ജനാധിപത്യം പുഷ്ടിപ്പെടുന്നതിന് വിവേകബുദ്ധിയുള്ള മനസ്സാണ് വേണ്ടത്.
പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതിനെതിരെ രാഷ്ട്രപതി മുന്നറിയിപ്പുനല്‍കി. ശബ്ദാനമയമായ ജനാധിപത്യമാണ് നമുക്കുള്ളത്. എങ്കിലും കൂടുതല്‍ ജനാധിപത്യമാണ് നമുക്ക് വേണ്ടത്. നമ്മുടെ സംവിധാനത്തില്‍ ചില പോരായ്മകളുണ്ടെന്ന് അംഗീകരിക്കേണ്ട സമയമാണിത്. ആ പോരായ്മകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനാകണം.
അടിയുറച്ച അലംഭാവങ്ങളെ ചോദ്യം ചെയ്യണം. പരസ്പര വിശ്വാസത്തിന്‍െറ സൗധങ്ങളെ ശക്തിപ്പെടുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് ക്രിയാത്മകമായ സംവാദത്തിനുള്ള സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് തൊട്ടടുത്ത ദശകങ്ങളില്‍ നടന്നതുപോലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചുനടത്തുന്ന രീതിയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.