ന്യൂഡൽഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമഖത്തുനിന്ന് റേഡിയോ ആക്ടീവ് പ്രസരണ ശേഷിയുള്ള അപകടകരമായ ചരക്കുകൾ പിടികൂടി. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ് ചരക്കുകൾ അടങ്ങിയ എട്ടു കണ്ടെയ്നറുകൾ വിദേശകപ്പലിൽനിന്ന് പിടികൂടിയതെന്ന് അദാനി പോർട്സ് പ്രസ്താവനയിൽ അറിയിച്ചു.
പാകിസ്താനിലെ കറാച്ചിയിൽനിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്ന കപ്പലിലായിരുന്നു ചരക്കുകൾ. അപകടകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കണ്ടെയ്നറുകളിൽ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ചയാണ് അധികൃതർ ഇവ പിടികൂടിയത്. കൂടുതൽ പരിശോധനകൾക്കായി തുറമുഖത്ത് ഇവ തടഞ്ഞുവെച്ചു.
ഇന്ത്യയെ സുരക്ഷിതമായി നിലനിർത്തുന്ന ഏതൊരു പ്രവർത്തനത്തെയും പൂർണമായി സഹായിക്കുന്നത് തുടരും. അദാനി ഗ്രൂപ്പ് ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.