ന്യൂഡൽഹി: റായ്ബറേലിയിലെ 20 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ 17ലും ജയിച്ചത് കോൺഗ്രസ്. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ, ഇന്ദിരഗാന്ധിയെ തോൽപിച്ച മണ്ഡലമാണ് റായ്ബറേലി. 1996ലും 1998ലും ബി.ജെ.പി കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ മണ്ഡലം.
എന്നാൽ, യു.പിയിലെ 80ൽ ഒട്ടുമിക്ക സീറ്റും മോദിപ്രഭാവത്തോടെ ബി.ജെ.പി തൂത്തുവാരിയ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും സോണിയ ഗാന്ധിയെയാണ് റായ്ബറേലിക്കാർ തെരഞ്ഞെടുത്തത്. അതിന്റെ ആത്മവിശ്വാസത്തോടെയാണ് അമേത്തിയിൽ നിന്ന് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് എത്തുന്നത്.
യു.പിയിൽ ഇന്ന് കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് റായ്ബറേലി. ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ഒരു തവണയും ഇന്ദിര മൂന്നു തവണയും റായ്ബറേലിയിൽനിന്നാണ് ജയിച്ചത്. 1971ലെ ഇന്ദിരയുടെ ജയം പക്ഷേ, വോട്ടു ക്രമക്കേട് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈകോടതി അസാധുവാക്കി. ആറു വർഷത്തേക്ക് ഇന്ദിരക്ക് വിലക്ക് കൽപിച്ചു.
അടിയന്തരാവസ്ഥയിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങൾക്ക് അതിലായിരുന്നു തുടക്കം. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ റായ്ബറേലി ഇന്ദിരയെ തോൽപിച്ചു. ജയിച്ചത് ജനത പാർട്ടിയുടെ രാജ്നാരായണൻ.
എന്നാൽ, 1980ൽ റായ്ബറേലിയിൽ കോൺഗ്രസ് തിരിച്ചുവരവു നടത്തി. നെഹ്റു കുടുംബാംഗമായ അരുൺ നെഹ്റു രണ്ടുവട്ടം ലോക്സഭയിൽ റായ്ബറേലിയുടെ പ്രതിനിധിയായി. 1996ലും ’98ലും ബി.ജെ.പിയുടെ അശോക് സിങ്ങാണ് ജയിച്ചത്. 1999ൽ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2004 മുതൽ 2024 വരെ രണ്ടു പതിറ്റാണ്ടായി സോണിയ ഗാന്ധിയാണ് റായ്ബറേലിയുടെ പ്രതിനിധി. ആരോഗ്യ കാരണങ്ങളാൽ ഇനിയൊരു പ്രചാരണത്തിന് സോണിയക്ക് കഴിയാത്ത സാഹചര്യത്തിലാണ് രാഹുൽ പിന്തുടർച്ചാവകാശം ഉന്നയിക്കുന്നത്.
അമേത്തിയും നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്നു. ഇന്ദിരയുടെ മക്കളായ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും തുടർന്ന് സോണിയ, രാഹുൽ എന്നിവരും അമേത്തിയിൽ മത്സരിച്ചു. 1967ൽ അമേത്തിയിൽ ആദ്യമായി മത്സരിച്ച കോൺഗ്രസ് നേതാവ് വിദ്യാധർ ബാജ്പേയിയാണ്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി മത്സരിച്ചു തോറ്റു. 1980ൽ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചശേഷം നാല് തെരഞ്ഞെടുപ്പുകളിൽ രാജീവ് ഗാന്ധി അമേത്തിയുടെ പ്രതിനിധിയായി. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അമേത്തിയിലെ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഫലം വന്നപ്പോൾ ജയിച്ചത് രാജീവ്.
1999ൽ സോണിയ ഗാന്ധി മത്സരിക്കാൻ തിരഞ്ഞെടുത്തത് അമേത്തിയാണ്. 2004ൽ റായ്ബറേലിയിലേക്ക് മാറിക്കൊണ്ട് രാഹുൽ ഗാന്ധിക്കായി വഴിയൊരുക്കി. മൂന്നുവട്ടം അമേത്തിയിൽ ജയിച്ച രാഹുൽ 2019ൽ സ്മൃതി ഇറാനിയോട് തോറ്റു. വീണ്ടും അവിടെ രാഹുലിനെ മത്സരത്തിന് വിടാതെ സുരക്ഷിത മണ്ഡലമായ റായ്ബറേലിയിലേക്ക് മാറാൻ പ്രേരിപ്പിക്കുകയാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ ചെയ്തത്. എന്നാൽ, ബി.ജെ.പി റായ്ബറേലിയിലെ വിവിധ അസംബ്ലി സീറ്റുകളിൽ നിർണായക ശക്തിയാണ്. കഴിഞ്ഞതവണ സോണിയക്കെതിരെ സ്ഥാനാർഥിയെ നിർത്താതെ സൗമനസ്യം കാണിച്ച സമാജ്വാദി പാർട്ടി ഈ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയാണെന്നത് കോൺഗ്രസിന്റെ അധിക ശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.