കർഷകർ ഒഴിഞ്ഞുപോയില്ലെങ്കിൽ ജാഫറാബാദ് ആവർത്തിക്കും; ഭീഷണിയുമായി ഹിന്ദുത്വ നേതാവ്​

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ കൊലവിളി നടത്തുന്ന മധ്യവയസ്‌കയുടെ വീഡിയോ വൈറലാവുന്നു. രാഗിണി തിവാരി എന്ന്​ വീഡിയോയിൽ പരിചയപ്പെടുത്തുന്ന സ്​ത്രീ ഡിസംബർ 16, 17 തീയതിക്കുള്ളില്‍ പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് സ്വയം ചെയ്യുമെന്നാണ് ഭീഷണിമുഴക്കുന്നത്​.

എല്ലാ സഹോദരിമാരോടും ഡിസംബർ 17നായി തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഡല്‍ഹിയിലെ കർഷക പ്രസ്ഥാനത്തിൽ നിന്ന് സർക്കാർ ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽ രാഗിണി തിവാരി വീണ്ടും ജാഫറാബാദ് സൃഷ്ടിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതിന്‍റെ ഭാഗമായി എന്ത് സംഭവിച്ചാലും കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനുമായിരിക്കും ഉത്തരവാദിത്തമെന്നും അവര്‍ പറഞ്ഞു. പൗരത്വഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.

ഫെബ്രുവരി 22ന്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആളുകൾ വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ജാഫറാബാദ് റോഡ്‌ അടച്ചിരുന്നു. അടുത്ത ദിവസം ബി.ജെ.പി നേതാവ് കപിൽ മിശ്ര അവിടെ അനുയായികളോടൊപ്പം എത്തുകയും പ്രതിഷേധക്കാരെ പൊലീസ് നീക്കാൻ ശ്രമിച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യുമെന്നും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 24ന് ഡല്‍ഹി സംഘര്‍ഷത്തിന് സാക്ഷ്യം വഹിക്കുകയും ചുരുങ്ങിയത് 53 ആളുകള്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

രാജ്യദ്രോഹികളായ ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരെ മോചിപ്പിക്കാനുള്ള കിസാൻ ആന്തോളൻ സൈന്യത്തി​െൻറ ഗൂഡാലോചനയാണിതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഞങ്ങൾക്ക് ഗാന്ധിയുടെ കുരങ്ങന്മാരാകാന്‍ കഴിയില്ലെന്നും ഇത്തരം ഗൂഡാലോചന അന്ധമായി കാണാനാവില്ലെന്നും വീഡിയോയില്‍ പറഞ്ഞു.

Tags:    
News Summary - Ragini Tiwari Threatens to End Farmers’ Protest With Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.