ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ പുറപ്പെട്ട തന്നെ വിമാനത്താവളത്തിലെ മുറിയിൽ പൂട്ടിയിട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലികുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പൂട്ടിയിട്ട മുറിയിൽനിന്ന് പുറത്തുകടക്കാൻ പോരടിക്കേണ്ടിവന്നു. തികച്ചും മോശമായ സംഭവമായിരുന്നു അത് -രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി സംഘടിപ്പിച്ച പരിപാടി പോലെയായിരുന്നു ആദരമർപ്പിക്കൽ ചടങ്ങെന്നും രാഹുൽ പറഞ്ഞു.
എന്തുകൊണ്ടാണ് പുൽവാമ സംഭവിച്ചതെന്ന് അഭിമുഖത്തിൽ സത്യപാൽ മലിക് വിശദീകരിക്കുന്നുണ്ട്. സി.ആർ.പി.എഫുകാരെ കൊണ്ടുപോകുന്നതിന് അഞ്ചു വിമാനങ്ങൾ ചോദിച്ചിരുന്നു. അവർ തന്നോട് ചോദിച്ചെങ്കിൽ അപ്പോൾ തന്നെ കൊടുത്തേനെ. മഞ്ഞിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് വിമാനം ഇങ്ങനെ നൽകിയിട്ടുണ്ട്. ഡൽഹിയിൽ വിമാനം വാടകക്കു കിട്ടാൻ എളുപ്പമാണ്. എന്നാൽ, അവരുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ നാലു മാസം കിടന്നു. പിന്നെ അതു തള്ളി. സുരക്ഷിതമല്ലാത്ത റോഡ് മാർഗം സി.ആർ.പി.എഫുകാർ പോയത് അങ്ങനെയാണെന്ന് സത്യപാൽ മലിക് പറഞ്ഞു. ദേശീയ പാതയോ ഇടവഴികളോ സുരക്ഷ വലയത്തിലായിരുന്നില്ല.
സി.ആർ.പി.എഫ് വാഹന വ്യൂഹത്തെ ആക്രമിച്ച സ്ഫോടകവസ്തു നിറച്ച ട്രക്ക് 10-12 ദിവസമായി ആ പ്രദേശത്ത് കറങ്ങുന്നുണ്ടായിരുന്നു. പാകിസ്താനിൽനിന്ന് അയച്ചതായിരുന്നു സ്ഫോടക വസ്തുക്കൾ. ഡ്രൈവർക്കും വാഹന ഉടമക്കും ഭീകരതയുടെ പശ്ചാത്തലമുണ്ടായിരുന്നു. അവരെ പലവട്ടം അറസ്റ്റ് ചെയ്ത് വിട്ടയച്ചിട്ടുണ്ട്. എന്നാൽ, ഇന്റലിജൻസ് അവരെ നിരീക്ഷിച്ചിരുന്നില്ല.
പുൽവാമ സംഭവം നമ്മുടെ പിഴവാണെന്ന് രണ്ടു ചാനലുകളോട് താൻ നേരത്തേ പറഞ്ഞതാണ്. എന്നാൽ, അത് എവിടെയും പറയരുതെന്നാണ് ഗവർണറായിരുന്ന തനിക്ക് കിട്ടിയ നിർദേശം. പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ, അന്വേഷണമൊന്നും നടന്നില്ല. ആ സംഭവം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു- മലിക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.