ന്യൂഡൽഹി: ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തിന് ഉത്തർ പ്രദേശ് സർക്കാർ സംരക്ഷണം നൽകാത്തതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.പിയിൽ ഗുണ്ടാരാജാണ് നടക്കുന്നതെന്നതിൽ പുതിയ ഉദാഹരണമാണിതെന്ന് രാഹുൽ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിെൻറ (പി.യു.സി.എൽ) റിേപ്പാർട്ട് പങ്കുവെച്ച് കുറിച്ചു.
ആക്രമണം നേരിട്ടവരെ യു.പി സർക്കാർ നിരന്തരം ചൂഷണം ചെയ്യുകയാണ്. ഹാഥറസ് ബലാത്സംഗ കൊലപാതകത്തിൽ രാജ്യം മുഴുവൻ സർക്കാറിനോട് ഉത്തരം തേടുകയാണെന്നും എല്ലാവരും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഹാഥറസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും വീട്ടുതടങ്കലിൽ എന്നതുപോലെയാണ് അവർ ഓരാ ദിനവും കഴിഞ്ഞുപോകുന്നതെന്നും പൗരാവകാശ സംഘടനയായ പി.യു.സി.എൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന് നൽകിയിരുന്ന സി.ആർ.പി.എഫ് സംരക്ഷണം പിൻവലിച്ചതോടെ കടുത്തഭീഷണിയിലാണ് അവർ. സമൂഹത്തിൽ പൂർണമായും ഒറ്റപ്പെട്ടു. കുടുംബാംഗങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തി നിർഭയ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിക്കണമെന്ന് പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) അംഗങ്ങളായ കമാൽ സിങ്, ഫർമാൻ നഖ്വി, അലോക്, ശശികാന്ത്, കെ.ബി. മൗര്യ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 14ന് ഉത്തർപ്രദേശിലെ ഹാഥറസ് ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയായ ദലിത് പെൺകുട്ടി രണ്ടാഴ്ചക്കുശേഷം ഡൽഹിയിലെ ആശുപത്രിയിലാണ് മരിച്ചത്. തുടർന്ന് അർധരാത്രി തിരക്കിട്ട് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കുടംബാംഗങ്ങളുടെ സമ്മതമില്ലാതെയും അവരുടെ വീട്ടിലേക്ക് അവസാനമായി മൃതദേഹം കൊണ്ടുപോകാനുള്ള അവസരവും നിഷേധിച്ചാണ് സംസ്കാരം നടത്തിയതെന്നും പി.യു.സി.എൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.