'കല്യാണം കഴിക്കുന്നില്ലേ, തമിഴ്നാട്ടിൽ നിന്നും ഞങ്ങൾ ഒരു പെൺകുട്ടിയെ കാട്ടിത്തരാം' -ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലൂടെ പര്യടനം നടത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്നേഹാന്വേഷണം കേട്ട് രാഹുൽ ഗാന്ധി ആദ്യം ഒന്ന് അമ്പരന്നു. പിന്നീട്, മറുപടി സ്വതസിദ്ധമായ ചിരിയിലൊതുക്കി തൊഴിലാളികളോട് കുശലാന്വേഷണങ്ങൾ. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് എത്തിയപ്പോഴായിരുന്നു തൊഴിലാളികളുടെ വക രാഹുലിന് വിവാഹാലോചന.
'രാഹുൽ ഗാന്ധിക്ക് തമിഴ്നാടിനെ ഏറെ ഇഷ്ടമാണെന്ന് ഞങ്ങൾക്ക് അറിയാം. തമിഴ്നാട്ടിൽ നിന്നുതന്നെ ഒരു പെൺകുട്ടിയെ കണ്ടെത്തിത്തരാം' -ഇതായിരുന്നു ചുറ്റും കൂടിയ തൊഴിലാളികളുടെ വാക്കുകൾ. ഭാരത് ജോഡോ യാത്രക്കൊപ്പമുള്ള കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് കല്യാണക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തൊഴിലാളികളുടെ ചോദ്യം കേട്ട രാഹുൽ അമ്പരന്ന് നിൽക്കുന്നത് കാണുന്നില്ലേയെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി കേരളത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പാറശ്ശാലയിൽ ആരംഭിച്ച യാത്രക്ക് കെ.പി.സി.സി വൻ സ്വീകരണം നൽകി. കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.