യു.പിയിലെ മോദിപ്രഭാവത്തെയും അതുവഴി ബി.ജെ.പി മേധാവിത്വത്തെയും മറികടക്കൽ ആർക്കും സാധ്യമാകാത്ത ഒരു കടമ്പയായാണ് ഇന്നലെവരെ കരുതപ്പെട്ടത്. ഒടുവിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ചേർന്നുള്ള കിടിലൻ കൂട്ടുകെട്ട് അത് സാധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയശേഷം ഒന്നിനും കൊള്ളാത്തവർ എന്ന് പരിഹസിക്കപ്പെട്ട ഈ നേതാക്കളുടെ ദൃഢനിശ്ചയമാണ് യു.പിയിലെ 80 സീറ്റും ബി.ജെ.പി നേടുമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും അവകാശവാദങ്ങളെ അട്ടിമറിച്ചത്.
മോദി പ്രഭാവത്തിന്റെ മങ്ങൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കത്തിൽത്തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഫലപ്രഖ്യാപനത്തിൽ കൈയിലുണ്ടായിരുന്ന സീറ്റുകൾ ഒന്നൊന്നായി നഷ്ടപ്പെട്ടത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കഴിഞ്ഞ രണ്ടു തവണത്തേക്കാൾ കുത്തനെ ഇടിഞ്ഞതും ബി.ജെ.പിക്ക് തീർത്താൽ തീരാത്ത നാണക്കേടായി മാറി.
2019ൽ 4,25,000 ഉണ്ടായിരുന്ന മോദിയുടെ ഭൂരിപക്ഷം ഇക്കുറി 1,52,000ത്തിലൊതുങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ഭൂരിപക്ഷവും കുത്തനെ ഇടിഞ്ഞു. അതേസമയം വയനാടിനു പുറമെ മത്സരിച്ച റായ്ബറേലിയിൽ മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ രാഹുൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനക്കാരനായി.
മോദിയുടെ സ്വന്തം ആളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞതവണ രാഹുലിനെ തോൽപിച്ച് സ്വന്തമാക്കിയ അമേത്തിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കിശോരി ലാൽ ശർമക്കു മുന്നിൽ തോറ്റമ്പിയത് അടുത്ത പ്രഹരമായി.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിച്ചതിന്റെ ക്രെഡിറ്റ് പാർട്ടിയും അനുയായികളും പൂർണമായും മോദിക്ക് ചാർത്തി നൽകിയിരുന്നു. മോദിയാകട്ടെ കിട്ടാവുന്ന വേദികളിലെല്ലാം തന്റെ നേട്ടമായി അതിനെ വാഴ്ത്തിപ്പറഞ്ഞു. രാമക്ഷേത്രം നിലകൊള്ളുന്ന യു.പിയിൽ അത് ബി.ജെ.പിക്കുള്ള വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഈ മതം കലക്കൽ. എന്നിട്ടെന്തായി? അയോധ്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ സിറ്റിങ് എം.പി ലാലൂ സിങ് സമാജ്‍വാദി പാർട്ടി നേതാവ് അവധേഷ് കുമാറിനോട് അരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയം ഏറ്റുവാങ്ങിയതറിഞ്ഞ് വിറച്ചു നിൽക്കുകയാണ് ബി.ജെ.പിയുടെ മുഴുനേതൃത്വവും. ഭരണഘടനയെ മാറ്റിമറിക്കാനും കീഴാള ജനതക്കുള്ള സംവരണം ഇല്ലാതാക്കാനും ബി.ജെ.പി തന്ത്രംമെനയുന്നുവെന്ന രാഹുൽ ഗാന്ധിയുടെ നിരന്തര പ്രചാരണമാണ് മോദിപക്ഷത്തിന്റെ കാടടച്ചുള്ള പ്രചാരണങ്ങളെയെല്ലാം നിഷ്ഫലമാക്കിക്കളഞ്ഞത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇക്കുറി 400 സീറ്റ് കടക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആഹ്വാനത്തിലൂന്നിയാണ് രാഹുൽ ഇത് തുടങ്ങിയത്. സംവരണ സംവിധാനംതന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ പുറപ്പാട് എന്ന് രാഹുൽ ജനങ്ങളോട് പറഞ്ഞു. അത് പിന്നാക്ക, പട്ടികജാതി-വർഗ ജനവിഭാഗങ്ങൾക്കിടയിലേക്ക് വ്യാപിച്ചു, അവരുടെ വോട്ട് മാറിമറിഞ്ഞു. അതിന് തടയിടാൻ മോദി-ഷാമാർ എതിർപ്രചാരണവുമായി ഇറങ്ങിയെങ്കിലും അത് ജനങ്ങൾക്കിടയിൽ ഏശിയില്ല. ബി.എസ്.പി മേധാവി മായാവതി ബി.ജെ.പിയുടെ ബി ടീം ആയി മാറി എന്ന ധാരണ നേരത്തേതന്നെ രൂപപ്പെട്ടിരുന്നതിനാൽ യു.പിയിലെ ദലിത് സമൂഹത്തിന്റെ വലിയൊരു ഭാഗം ഇക്കുറി ഇൻഡ്യ സഖ്യത്തിന് പിന്തുണ നൽകണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. ദലിതുകൾക്ക് കാര്യമായ പ്രതിപത്തിയില്ലാത്ത സമാജ്‍വാദി പാർട്ടിയാണ് ഇൻഡ്യ മുന്നണിയുടെ യു.പിയിലെ മുഖ്യ ഘടകകക്ഷിയെന്നതിനാൽ ദലിത് വോട്ടുകൾ അവർക്ക് പോകില്ലെന്ന് കണക്കുകൂട്ടി ബി.ജെ.പി. പക്ഷേ, ബി.എസ്.പിയുമായി കാൻഷിറാം വരുന്നതിനു മുമ്പ് പരമ്പരാഗതമായി വോട്ടു ചെയ്തുപോന്നിരുന്ന കോൺഗ്രസിന്റെ സഖ്യകക്ഷി എന്ന നിലയിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥികൾക്ക് വോട്ടുകുത്തുന്നതിൽ ദലിത് സമൂഹത്തിന് ഒട്ടും സങ്കോചമുണ്ടായില്ല.
സാധാരണ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാനും യുവ വോട്ടർമാർക്കിടയിൽ ഇത് ആഴത്തിൽ പതിപ്പിക്കാനും രാഹുലും അഖിലേഷും ശ്രദ്ധിച്ചു, അതും വോട്ടുകളായി പരിവർത്തിച്ചു.
യു.പിയിലെ ബി.ജെ.പി പതനം നൽകുന്ന ഏറ്റവും കൃത്യമായ ഒരു പാഠമുണ്ട്. ബുൾഡോസറും ഏറ്റുമുട്ടൽ കൊലകളുമായി മുന്നോട്ടുപോകുന്ന ഭരണകൂടം എത്ര ശക്തരാണെങ്കിലുമതെ, സ്വേച്ഛാധിപത്യ, മർദന നടപടികൾക്കെതിരെ പ്രതികരിക്കാൻ സാധാരണയിൽ സാധാരണക്കാരായ ജനങ്ങൾ മടിക്കില്ലെന്ന ശക്തമായ പാഠം. തെരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്‍ലിം വിഷയമാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള മോദിയുടെ അതിരുവിട്ട ശ്രമങ്ങളോടുള്ള വിസമ്മതം കൂടിയായി വേണം യു.പിയിൽ നിന്നുള്ള ജനവിധിയെ വായിക്കാൻ. ധ്രുവീകരണക്കെണിയിൽ വീഴാൻ തയാറല്ലെന്നും മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങൾക്കാണ് പരിഗണന വേണ്ടതെന്നും അവർ വിളിച്ചുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.