കുച്ച് ബിഹാർ: അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു. അസമിലെ ദുബ്രിയിൽ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ ബക്ഷിർഹട്ട് വഴിയാണ് ബംഗാളിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധിക്കും ന്യായ് യാത്രക്കും വൻ വരവേൽപ്പാണ് ബംഗാളിൽ ലഭിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും. ബംഗാൾ പര്യടനം പൂർത്തിയാക്കിയ ശേഷം യാത്ര ബിഹാറിലേക്ക് കടക്കും.
അസമിലൂടെയുള്ള എട്ട് ദിവസത്തെ ന്യായ് യാത്രയുടെ പര്യടനം സംഭവ ബഹുലമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്‍റെ കടുത്ത എതിർപ്പും യാത്രാ തടസങ്ങളും മറികടന്നാണ് രാഹുലും സംഘവും യാത്ര പൂർത്തിയാക്കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനകൾക്കും ബി.ജെ.പി പ്രവർത്തകരുടെ പരസ്യ ആക്രമണങ്ങൾക്കും കടുത്ത ഭാഷയിൽ രാഹുൽ ഗാന്ധി മറുപടി. രാഹുലിന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത ബി.ജെ.പി പ്രവർത്തകരുടെ ഇടയിലേക്ക് രാഹുൽ ഇറങ്ങി ചെന്നത് വലിയ വാർത്തയുമായി.
അസമിലെ 17 ജില്ലകളിലൂടെ കടന്നു പോയ ന്യായ് യാത്ര 833 കിലോമീറ്ററാണ് പര്യടനം നടത്തിയത്. അതിനിടെ അരുണാചൽ പ്രദേശിലും മേഘാലയയിലും ഓരോ ദിവസം വീതവും രാഹുൽ പര്യടനം നടത്തി. അരുണാചലിൽ 55 കിലോമീറ്ററും മേഘാലയയിൽ അഞ്ച് കിലോമീറ്ററുമാണ് പര്യടനം നടത്തിയത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.