‘നിങ്ങളിൽ എത്രപേർ ദളിതരുണ്ട്?’ മാധ്യമപ്രവർത്തകരെ കുഴക്കി രാഹുലിന്റെ മറുചോദ്യം

ന്യൂഡൽഹി: ജാതി സെൻസസിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതിനിടെ മാധ്യമരംഗത്തെ ജാതി പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന വാർത്ത സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകരിൽ എത്ര പേർ ദലിതരോ, ഒ.ബി.സി വിഭാഗക്കാരോ ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.

സംസ്ഥാന തലത്തിലുള്ള സാമ്പത്തിക സർവേയുടെ ആവശ്യകതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സദസിൽ എത്തിയിരിക്കുന്ന മാധ്യമപ്രവർത്തകരിൽ എത്ര പേരാണ് ഒ.ബി.സി, ദലിത് വിഭാഗങ്ങളിൽ ഉള്ളതെന്നും അവർ കൈകൾ ഉയർത്തണമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. എന്നാൽ മാധ്യമപ്രവർത്തകരുടെ പ്രതികരണം ആരുമില്ല എന്നായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ കാരണം കൊണ്ടാണ് രാജ്യത്ത് ജാതി സെൻസസ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘കോൺഗ്രസ് പ്രവർത്തക സമിതി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്’, രാഹുൽ വിശദീകരിച്ചു.ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല ഈ ഉദ്യമം. മറിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ബി.ജെ.പിയെ സമ്മർദത്തിലാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ബി.ജെ.പിക്ക് കഴിയില്ലെങ്കിൽ, ഇക്കാര്യത്തിൽ നേതൃത്വം നൽകാനുള്ള അധികാരം കോൺഗ്രസിന് നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന് നിലവിലുള്ള നാല് മുഖ്യമന്ത്രിമാരിൽ മൂന്നുപേരും ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാണ്. എന്നാൽ, ബി.ജെ.പിക്കുള്ള 10 മുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളത്. പ്രധാനമന്ത്രി ഒ.ബി.സി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിറകെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.

Tags:    
News Summary - Rahul Gandhi asks journalist to raise hands if any of them belongs to OBC or Dalit category, explains the need of caste censes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.