ന്യൂഡൽഹി: വടക്കൻ സിക്കിമിൽ കടന്നുകയറിയ ചൈനക്കെതിരെ പ്രതികരിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ചൈനയെ കുറിച്ച് കേന്ദ്ര സർക്കാർ പറയണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'അധികം ഭയപ്പെടരുത്, ധൈര്യത്തോടെ ചൈനയെ കുറിച്ച് പറയൂ' -രാഹുൽ ചൂണ്ടിക്കാട്ടി. സിക്കിം അതിർത്തിയിൽ ചൈന പുതിയ റോഡും പോസ്റ്റും നിർമിച്ചതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതിന്‍റെ പത്രവാർത്തയുടെ ഭാഗവും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ചൈന ഇന്ത്യന്‍ ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുകയാണ് മോദിയുടെ ലക്ഷ്യം. സമ്പദ്ഘടന തകര്‍ന്നുവെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജനുവരി 20നാണ് വടക്കൻ സിക്കിമിലെ നാകുലയിൽ ഇന്ത്യ-ചൈന പട്ടാളക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈന്യം യഥാർഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണമായത്. ചൈനയുടെ നീക്കം ഇന്ത്യൻ സൈന്യം തടഞ്ഞു.
നേരിട്ടുള്ള ബലപ്രയോഗത്തിൽ ഇരു ഭാഗത്തേയും സൈനികർക്ക് ചില്ലറ പരിക്കേറ്റിരുന്നു. എന്നാൽ, ഇരുപക്ഷത്തെയും കമാൻഡർമാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 16,000 അടി ഉയരത്തിലുള്ള നാകുല ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലൊന്നാണ്.
കഴിഞ്ഞ വർഷം മേയിൽ കിഴക്കൻ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന്റെ തുടർച്ചയായി നാകുലയിലും ഏറ്റുമുട്ടൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.