ദിസ്പൂർ: രാഹുൽ ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധിക്ക് നേതൃഗുണമില്ലെന്നും ശർമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"രാഹുൽ ഗാന്ധി പോകുന്നിടത്തെല്ലാം കോൺഗ്രസ് പരാജയപ്പെടുകയാണ്. രാഹുൽ ഗാന്ധി പ്രചോദനമില്ലാത്തയാളാണ്, അഹങ്കാരിയാണ്. അദ്ദേഹത്തിന് നേതൃഗുണങ്ങളൊന്നുമില്ല. ബി.ജെ.പിയുടെ താരപ്രചാരകൻ കൂടിയാണ് രാഹുൽ", ശർമ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കും കെ.സി വേണുഗോപാൽ, കനയ്യ കുമാർ എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ കഴിയാവുന്നത്ര കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിക്കുമെന്നും റിപ്പോർട്ട് ലഭിച്ചാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശർമ പ്രതികരിച്ചു.
അതേസമയം മണിപ്പൂരിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിൽ പുനരാരംഭിച്ചിരുന്നു. ജനുവരി 14ന് ആരംഭിച്ച യാത്ര മാർച്ച് 20ന് മുംബൈയിലായിരിക്കും അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.