ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിവുകെട്ട ധനമന്ത്രിയുടെ നടപടികൾ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ തുറന്നടിച്ചു.
സമ്പദ് വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്നു. ഉയർച്ചയിലേക്കുള്ള ഒരു നടപടിപോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്പത്തികമേഖല പുരോഗതിയിലേക്കെന്ന് പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്. എന്നാൽ വൻ സാമ്പത്തിക മാന്ദ്യമാണ് വരാൻ പോകുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.
‘‘ പ്രിയപ്പെട്ട പ്രധാനമന്ത്രി സമ്പദ് വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ്. ഈ തുരങ്കത്തിെൻറ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാൽ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന് പറയുന്നു. എന്നെ വിശ്വസിക്കൂ, സാമ്പത്തിക മാന്ദ്യത്തിെൻറ തീവണ്ടിയാണ് ചൂളംവിളിച്ചുവരുന്നത്’’- രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഒട്ടും പുരോഗതിയില്ലെന്ന വാർത്തക്കൊപ്പമാണ് രാഹുലിെൻറ ട്വീറ്റ്.
നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയിൽ വരുത്തിയ തകർച്ച ബി.ജെ.പി സർക്കാറിെൻറ ദൗർബല്യവും കഴിവില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് രാഹുൽ നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.