ക്രൂരവും നിന്ദ്യവുമായ കൊലപാതകം -ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രൂരവും നിന്ദ്യവുമായ കൊലപാതകമാണെന്നും തമിഴ്നാട് സർക്കാർ കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു.

ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് നേതാവ് ആംസ്‌ട്രോങ്ങിന്‍റെ ക്രൂരവും നിന്ദ്യവുമായ കൊലപാതകത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തമിഴ്‌നാട് കോൺഗ്രസ് നേതാക്കൾ തമിഴ്‌നാട് സർക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന കാര്യം എനിക്ക് ഉറപ്പുണ്ട് -രാഹുൽ എക്സിൽ പറഞ്ഞു.

നേരത്തെ, ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായിരുന്നു ആംസ്ട്രോങ് എന്നാണ് മായാവതി പറഞ്ഞത്. തമിഴ്നാട് സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴു മണിയോടെ ചെന്നൈയിലാണ് 48കാരനായ ബി.എസ്.പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നത്. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട ഗുണ്ട നേതാവ് ആർകോട് സുരേഷിന്‍റെ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് വിവരം.

Tags:    
News Summary - rahul gandhi comment about murder of K Armstrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.