പുണെ: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ശരിക്കുള്ള പോരാളിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് മാന്യവും സത്യസന്ധവുമായ മറുപടി അദ്ദേഹം നൽകുമെന്നും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എം.പി സുപ്രിയ സുലെ. പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്ന ബി.ജെ.പിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദിയെക്കുറിച്ച് അപശകുനം (പനോത്തി) എന്ന വാക്ക് രാഹുൽ ഉപയോഗിച്ചതായാണ് ആരോപണം. സത്യസന്ധനായതിനാൽ നിർഭയനായി ജീവിക്കാൻ രാഹുലിന് കഴിയുമെന്നും സുലെ പറഞ്ഞു. ബി.ജെ.പി രാഹുലിന്റെ കുടുംബത്തെ നിരവധി തവണയാണ് ആക്ഷേപിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛനെപോലും അവർ വെറുതെവിടുന്നില്ല. അതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ അദ്ദേഹം എന്തെങ്കിലും സംസാരിച്ചാൽ, എന്തിനാണ് അവർ വിഷമിക്കുന്നതെന്നും സുലെ ചോദിച്ചു.
രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ ബയാതുവിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതായും പ്രധാനമന്ത്രിയെക്കുറിച്ച് പരിഹാസ്യമായ രീതിയിൽ സംസാരിച്ചുവെന്നും ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാഹുൽ ഗാന്ധി വിശദീകരണം നൽകണമെന്നും മറുപടി ലഭിച്ചില്ലെങ്കിൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ കത്തിൽ അറിയിച്ചു.
അതിനിടെ, തിരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് പ്രമുഖ മാധ്യമ പ്രവർത്തക സാഗരിക ഘോഷ് അടക്കമുള്ളവർ രംഗത്തെത്തി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.