ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഫഷനൽ കരിയറിനെ കുറിച്ച് ചോദ്യങ്ങളുമായി ബി.ആർ.എസ് നേതാവ് കെ.ടി. രാമ റാവു. രാഹുൽ ഗാന്ധി തൊഴിൽ രഹിതനാണെന്നും ജീവിതത്തിൽ ഒരിക്കൽ പോലും എൻട്രൻസ് പരീക്ഷകൾ എഴുതിയിട്ടില്ലെന്നും 2014ലാണ് അദ്ദേഹത്തിന്റെ ജോലി നഷ്ടമായതെന്നും രാമറാവു പറഞ്ഞു.
താൻ പോലും രാഷ്ട്രീയത്തിലെത്തിയത് നിരവധി എൻട്രൻസ് പരീക്ഷകൾ എഴുതിയിട്ടും അനവധി കമ്പനികളിൽ ജോലി ചെയ്തിട്ടുമാണെന്നും കെ.ടി.ആർ സൂചിപ്പിച്ചു. രാഹുൽ ഗാന്ധി തൊഴിൽ രഹിതനാണ് ഇന്ന്. അദ്ദേഹത്തിന് 2014ൽ ജോലി നഷ്ടപ്പെട്ടു.-കെ.ടി.ആർ പരിഹസിച്ചു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും 2014ൽ തൊഴിൽ നഷ്ടമായതാണ്. അത്കൊണ്ടാണ് ഇപ്പോൾ രാഹുൽ തൊഴിലില്ലായ്മയെ കുറിച്ച് പറഞ്ഞുനടക്കുന്നത്. ഏതെങ്കിലുമൊരു എൻട്രൻസ് പരീക്ഷയെങ്കിലും രാഹുൽ എഴുതിയിട്ടുണ്ടോ എന്നാണ് എന്റെ ചോദ്യം. ഒരു ദിവസമെങ്കിലും ഒരു സ്വകാര്യ കമ്പനിയിലോ മറ്റെവിടെയെങ്കിലുമോ ജോലി ചെയ്തിട്ടുണ്ടോ?-കെ.ടി.ആർ ചോദിച്ചു. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെ കോൺഗ്രസ് അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
''അന്തരിച്ച പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് നേരിട്ട അനീതിയുടെ ചരിത്രത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിക്ക് ഒരു ധാരണയുമില്ല എന്നത് നിർഭാഗ്യകരമാണ്. നമ്മൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരാളാണ് അദ്ദേഹം. ഈ മണ്ണിൽ ജനിച്ച വ്യക്തിയാണ്. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിയെ സേവിച്ച എളിയ മനുഷ്യനെയാണ് പാർട്ടി ഇത്രയും അപമാനകരമായ രീതിയിൽ അപമാനിച്ചത്. സിറ്റിങ് പ്രധാനമന്ത്രി എന്ന നിലയിൽ 1996 ൽ പാർലമെന്റ് അംഗമാകാനുള്ള പാർട്ടി ടിക്കറ്റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹം അന്തരിച്ചതിന് ശേഷം മൃതദേഹം എ.ഐ.സി.സി യിലെ 24 അക്ബർ റോഡിലേക്ക് കൊണ്ടുവരാൻ പോലും അനുവദിച്ചില്ല എന്ന് ഞാൻ പ്രിയങ്ക ഗാന്ധിയെ ഓർമിപ്പിക്കട്ടെ. പ്രിയങ്ക ഗാന്ധിക്ക് ഇതിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് തോന്നുന്നു എന്നത് ശരിക്കും ദുരന്തമാണ്... രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാവു കുടുംബത്തോട് മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെടുന്നു''.-എന്നായിരുന്നു കെ.ടി.ആറിന്റെ വാക്കുകൾ.
കെ.ടി.ആറിന്റെ കുടുംബം മുഴുവൻ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് തെലങ്കാനയിൽ രാഷ്ട്രീയ റാലിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.