ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാചകത്തിൽ ഒരു കൈ നോക്കി രാഹുൽ ഗാന്ധിയുടെ പരീക്ഷണം. റോഡരികിലെ തട്ടുകടയിൽ ദോശയുണ്ടാക്കുന്ന രാഹുലിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റോഡരികിലെ തട്ടുകടയിൽനിന്ന് കോൺഗ്രസ് നേതാവ് ദോശയുണ്ടാക്കിയത്. 'വിജയഭേരി' ബസ് യാത്രയുടെ ഭാഗമായി കരിംനഗറില്‍നിന്ന് ജഗ്തിയാലിലേക്കുള്ള യാത്രക്കിടെയാണ് രാഹുൽ റോഡരികിലെ തട്ടുകടയിൽ ഇറങ്ങിയത്. നുകപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര നിര്‍ത്തി രാഹുല്‍ തട്ടുകടയിലേക്ക് കയറുകയായിരുന്നു.
കടക്കാരനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം രാഹുൽ തന്നെ ദോശയുണ്ടാക്കുകയായിരുന്നു. പാത്രത്തിൽനിന്ന് ദോശ മാവ് എടുത്ത് രാഹുൽ തന്നെ കല്ലിൽ ഒഴിക്കുന്നതും ചേരുവകൾ ചേർക്കുന്നതും കല്ലിൽനിന്ന് കോരി പാത്രത്തിൽ ഇടുന്നതും വിഡിയോയിലുണ്ട്. ആവശ്യക്കാർക്ക് ദോശ നൽകിയും അവർക്കൊപ്പം ഇരുന്ന് ദോശ കഴിച്ചുമാണ് രാഹുൽ മടങ്ങിയത്.
വഴിയാത്രക്കാരോട് കുശലാന്വേഷണം നടത്തിയ രാഹുൽ കുട്ടികൾക്ക് ചോക്ലേറ്റും വിതരണം ചെയ്തു. ‘രാഹുൽ അണ്ണ’ എന്ന ക്യാപ്ഷനൊപ്പം ചുവന്ന ഹൃദയത്തിന്‍റെ ഇമോജിക്കൊപ്പം ഇതിന്‍റെ വിഡിയോ കോൺഗ്രസ് പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ‘രാഷ്ട്രീയ വേദിയിൽ നിന്ന് ദോശക്കാരനിലേക്ക്’ എന്ന കുറിപ്പോടെ എക്സ് പ്ലാറ്റ്ഫോമിൽ ഇതിന്‍റെ വിവിധ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിമിഷങ്ങൾക്കകമാണ് ചിത്രങ്ങളും വിഡിയോയും വൈറലായത്. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 30 നാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും തെലങ്കാനയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.