രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിൽ; "പ്രധാനമന്ത്രീ.. ഇനിയെങ്കിലും നിങ്ങളിവിടെ വരണം, ഈ ജനതയെ കേൾക്കണം, ഇതും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്"

ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു.

മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്രയുൾപ്പെടെയുള്ള സംസ്ഥാന നേതാക്കളോടൊപ്പം കുകി -മെയ്തി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ  രാഹുലിനോട് കുടുംബങ്ങൾ  ദുരിതത്തിന്റെ ആഴം  ബോധ്യപ്പെടുത്തി. മണിപ്പൂരിലെ സ്ഥിതി വേദനാജനകമാണെന്നും സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാൻ  അവസാനം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പും രാഹുൽ നൽകി. മണിപ്പൂർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രിയേയും രാഹുൽ രൂക്ഷമായി വിമർശിച്ചു. 

റഷ്യയിലെ സന്ദർശനത്തിന് ശേഷമെങ്കിലും പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുമോയെന്ന് രാഹുൽ ചോദിച്ചു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നേരിട്ടറിയേണ്ടതുണ്ട്. ഇവിടെ വന്ന് ഈ ജനങ്ങളെ കേൾക്കാൻ തയാറാകണം. ദുരന്തം സംഭവിച്ചില്ലെങ്കിലും പ്രധാനമന്ത്രി മണിപ്പൂരിൽ വരണമായിരുന്നുവെന്നും രാഹുൽ സന്ദർശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

"കലാപം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്, സംഭവിച്ചത് വലിയ ദുരന്തമാണ്. ഈ സ്ഥിതിക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ സാഹചര്യം ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നതിൽ വലിയ വേദനയുണ്ട്"- രാഹുൽ പറഞ്ഞു.

"അക്രമത്തിൽ എല്ലാവർക്കും വേദനയുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നാശമുണ്ടായി, സ്വത്ത് നശിപ്പിക്കപ്പെട്ടു, കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഈ ഒരു ദുരിതം ഞാൻ ഇന്ത്യയിൽ മറ്റൊരിടത്തും കണ്ടിട്ടില്ല. സംസ്ഥാനം പൂർണമായും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് പൊതു ദുരന്തമാണ്". രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 

തിങ്കളാഴ്ച മണിപ്പൂരിലെത്തുന്നതിന് മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസമിലെ പ്രളയബാധിതരെ കണ്ടിരുന്നു. രാവിലെ കച്ചാർ ജില്ലയിലെ സിൽച്ചാറിലെ കുംഭിഗ്രാം വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹം ലഖിപൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് പലായനം ചെയ്ത താമസക്കാരുമായി സംവദിച്ചു. അസമിലെ 28 ജില്ലകളിലെ 22.70 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചത്. ഈ വർഷത്തെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് എന്നിവയിൽ 78 പേർ മരിച്ചിരുന്നു.

Tags:    
News Summary - Rahul Gandhi Manipur visit live: I urge PM Modi to visit Manipur, say Rahul during visit to Imphal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.