സിഖ്കാരുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റിനു പിന്നാലെ ഉരുത്തിരിഞ്ഞ കോൺഗ്രസ്– എഎപി അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പഞ്ചാബ് സന്ദർശനം. സുവർണക്ഷേത്രത്തിൽ എത്തിയ രാഹുൽ ഗാന്ധി പ്രാർഥന നടത്തുകയും ‘പൽകി സേവ’ എന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
നീല തുണികൊണ്ട് തല മറച്ച് സുവർണ ക്ഷേത്രത്തിൽ എത്തിയ രാഹുൽ അകാൽ തഖ്ത് സന്ദർശിക്കുകയും ഭക്തർ ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കി ‘സേവ’ നടത്തുകയും ചെയ്തു. രാഹുലിന്‍റേത് വ്യക്തിപരമായ സന്ദർശനമാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു. പാർട്ടി പ്രവർത്തകർ രാഹുലിനെ കാണാനെത്തരുതെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിമരുന്ന് കടത്തിയ കേസിലാണ് പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയും കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റുമായ സുഖ്പാൽ സിങ് ഖെയ്റയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 2015ലെ കേസുമായി ബന്ധപ്പെട്ട് സുഖ്പാലിന്റെ ചണ്ഡിഗഡിലെ വസതിയിലെത്തിയാണു അറസ്റ്റ്. കേസ് സുപ്രീം കോടതി നേരത്തേ തള്ളിക്കളഞ്ഞതാണെന്നു ചൂണ്ടിക്കാട്ടി സുഖ്പാൽ പൊലീസുമായി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആം ആദ്മി പാർട്ടി സർക്കാർ രാഷ്ട്രീയവിരോധം തീർക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.