ന്യൂഡൽഹി: ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാരൂഖ് ഖാന് കത്തെഴുതി പിന്തുണ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. 'രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്' എന്നാണ് കത്തില്‍ പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ശിവസേനയും എൻ.സി.പിയും ഷാരൂഖിനും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു. മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടിനാണ് ആര്യനെ എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് രേഖപ്പെടുത്തി ആര്യന്‍ ഖാനെ ആര്‍തര്‍ ജയിലിലടച്ചു. 25 ദിവസം കഴിഞ്ഞാണ് ആര്യന് ജാമ്യം ലഭിച്ചത്.
ഒക്ടോബര്‍ 28ന് ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. ആര്യനില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയില്ലെങ്കിലും വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് തെളിവ് ലഭിച്ചിരുന്നുവെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആര്യനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഷാരൂഖും അദ്ദേഹത്തിന്‍റെ ആരാധകരും എത്തിയിരുന്നു. ആര്യനെ കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. സല്‍മാന്‍ ഖാന്‍, ഋത്വിക് റോഷന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ നേരത്തെ ഷാരൂഖിന് പിന്തുണയുമായി എത്തിയിരുന്നു.
മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ ഷാരൂഖ് ഖാന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയും രംഗത്തെത്തിയിരുന്നു. സംഭവത്തിന്‍റെ പേരിൽ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെയാണ് തരൂർ പ്രതികരിച്ചത്.
ലഹരിമരുന്നുകളുടെ ആരാധകനല്ല ഞാൻ, ഒരിക്കലും ഉപയോഗിച്ചിട്ടുമില്ല. എന്നാൽ, മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്ന ചിലർ മകന്‍റെ അറസ്റ്റിന് മേൽ ഷാരൂഖ് ഖാനെ പൈശാചികമായി വേട്ടയാടുകയാണ്. കുറച്ചെങ്കിലും സഹാനുഭൂതി വേണം. പൊതുജനത്തിന്‍റെ തുറിച്ചുനോട്ടം മതിയാക്കാമെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.