രാഹുൽ ഗാന്ധി ആദ്യദിനം തന്നെ പ്രവചിച്ചു-'പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരില്ല'

ന്യൂഡൽഹി: രാഷ്ര്ടീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ലെന്നു ചർച്ചകളുടെ ആദ്യദിവസം തന്നെ രാഹുൽ ഗാന്ധി പ്രവചിച്ചിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ. പ്രശാന്ത് മറ്റു രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കുന്നതിനായി 'കോൺഗ്രസിനെ ഉപയോഗിക്കുകയാണെന്നു' പല നേതാക്കളും കരുതിയിരുന്നതായും പാർട്ടിയിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ, പ്രശാന്ത് കിഷോറിനോട് അടുപ്പമുള്ളവര്‍ ഈ ആരോപണങ്ങൾ തള്ളിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എംപവേഡ് കമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിന് കോൺഗ്രസ് പി.കെ എന്ന പ്രശാന്ത് കിഷോറിനെ ക്ഷണിച്ചത്. ചൊവ്വാഴ്ച ഈ വാഗ്ദാനം പ്രശാന്ത് നിരസിക്കുകയും ചെയ്തു. കോൺഗ്രസിൽ‌ ചേരാൻ താൽപര്യമില്ലെന്ന് പ്രശാന്ത് വ്യക്തമാക്കിയെന്നും അതിന്റെ കാരണം അറിയില്ലെന്നുമാണ് മുതിർന്ന നേതാവ് പി. ചിദംബരം ഇതിനോട് പ്രതികരിച്ചത്.

കോൺഗ്രസ് അധ്യക്ഷയുടെ പൊളിറ്റിക്കൽ സെക്രട്ടറി, അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് പ്രശാന്ത് കിഷോർ ആഗ്രഹിച്ചിരുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. 'പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരില്ലെന്ന് രാഹുൽ ഗാന്ധി ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു. പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യമായല്ല. ഇതുസംബന്ധിച്ച് എട്ടാം തവണയാണ് പ്രശാന്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്' -പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിനായി പ്രശാന്ത് കിഷോറാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് മുൻകയ്യെടുത്തത്. ഇതിനോട് രാഹുൽ ഗാന്ധിയുടേത് തണുപ്പൻ പ്രതികരണമായതിനാൽ പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്താനാണ് പ്രശാന്ത് കിഷോർ താൽപര്യപ്പെട്ടത്. പ്രശാന്ത് മുന്നോട്ടുവൈച്ച നിർദേശങ്ങൾ കാര്യമായി ചർച്ച ചെയ്യേണ്ടതാണെന്ന നിലപാട് പല നേതാക്കളും സ്വീകരിച്ചിരുന്നു. പ്രശാന്തുമായുള്ള ചർച്ച നിർത്തിവെക്കണമെന്നു രണ്ടു മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് കർശന തീരുമാനങ്ങളെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശേഷിയിൽ പ്രശാന്ത് കിഷോറിന് സംശയങ്ങളുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. ഈ സമയത്ത് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിന് പോകുന്നതു ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തെ മറികടക്കാൻ എല്ലാ യോഗങ്ങളിലും പ്രിയങ്ക ഗാന്ധി പ​ങ്കെടുക്കാറുണ്ടെങ്കിലും അത് പര്യാപ്തമാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നവരിലൊരാളായ രാഹുൽ പാർട്ടിയുമായി 'അകന്നു നിൽക്കുകയാണെന്നാണ്' പ്രശാന്ത് കിഷോറുമായി അടുപ്പമുള്ളവർ വിലയിരുത്തുന്നത്.

അതേസമയം, കോണ്‍ഗ്രസില്‍ ചേരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവേ, പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐ-പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) തെലങ്കാനയിലെ രാഷ്ട്രീയ എതിരാളി ടി.ആര്‍.എസുമായി കരാറൊപ്പിട്ടത് മുതിർന്ന നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പ്രശാന്തിന് പൂര്‍ണ സ്വാതന്ത്ര്യം നൽകിയാൽ പാർട്ടി അദ്ദേഹത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് പോകുമെന്ന ആശങ്കയും മുതിര്‍ന്ന പങ്കുവെച്ചു. 

Tags:    
News Summary - Rahul Gandhi predicted Prashant Kishor's refusal on day one: Congress sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.