കോലാർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ കാരണമായ വിവാദ പ്രസംഗത്തിന് വേദിയായ കർണാടകയിലെ കോലാറിൽ വീണ്ടും റാലിയുമായി രാഹുൽ ഗാന്ധി. ഏപ്രിൽ അഞ്ചിനാണ് റാലിയും പൊതുസമ്മേളനവും ഒരുക്കുക.
2019ൽ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം ലോക്സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്. ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്നു’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് മോദി സമുദായത്തെ അവഹേളിക്കലാണെന്ന് വാദിച്ച് ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവും 15,000 രൂപ പിഴയുമാണ് സൂറത്ത് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ വിധിച്ചത്. കർണാടകയിൽ മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലിനെ അയോഗ്യനാക്കിയത് പ്രധാന പ്രചാരണ വിഷയമാകുമെന്ന സൂചനയാണ് കോൺഗ്രസ് കോലാറിലെ റാലിയിലൂടെ നൽകുന്നത്.
ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മുതൽ എട്ടുതവണയാണ് സന്ദർശനത്തിനെത്തിയതെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒമ്പത് തവണയാണ് എത്തിയത്. അതേസമയം, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറുമാകും കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻപിടിക്കുക. ഒപ്പം രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും പ്രചാരണത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.