നാഗ്പുർ: കേന്ദ്രത്തിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ‘ഞങ്ങൾ തയാറാണ്’ തലക്കെട്ടിൽ കോൺഗ്രസ് 139ാം സ്ഥാപകദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പുരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗക്കാർക്കും ദലിതുകൾക്കും ഗോത്രവർഗക്കാർക്കും ഇപ്പോഴും പല മേഖലകളിലും മതിയായ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സിക്കാരനാണെന്നാണ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ജാതി സെൻസസ് നടത്തണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറയുന്നു രാജ്യത്ത് പാവങ്ങൾ എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന്. അങ്ങനെയെങ്കിൽ താൻ ഒ.ബി.സിയാണെന്ന് അദ്ദേഹം നിരന്തരം പറയുന്നതെന്തിനാണെന്ന് രാഹുൽ ചോദിച്ചു. രാഷ്ട്രീയാധികാരത്തിനുള്ള പോരാട്ടത്തിന്റെ അടിസ്ഥാനം പ്രത്യയശാസ്ത്രമാണ്. രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ രാജ്യത്ത് നടക്കാനിരിക്കുന്നത്. സാധാരണക്കാരന് അധികാരം കൈമാറുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടെ എത്ര യുവാക്കൾക്ക് തൊഴിൽ നൽകാൻ മോദി സർക്കാറിന് സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണിപ്പോൾ. ഇൻഡ്യ സഖ്യത്തിന് മാത്രമേ യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കു.
ബി.ജെ.പി സർക്കാർ രാജ്യത്തെ വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ബി.ജെ.പിയിൽനിന്ന് വ്യത്യസ്തമായി ഏറ്റവും താഴേക്കിടയിലുള്ള പ്രവർത്തകന് പോലും മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാവുന്ന പാർട്ടിയാണ് കോൺഗ്രസ്. സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ മെറിറ്റ് അടിസ്ഥാനത്തിലല്ല, പ്രത്യേക സംഘടനയുമായുള്ള ബന്ധം പരിഗണിച്ചാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് തികഞ്ഞ സത്യസന്ധതയോടെ പോരാടുന്നതിൽ അഭിമാനിക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയുടെ 139ാംം സ്ഥാപകദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അതിന്റെ പ്രത്യയശാസ്ത്രങ്ങളിൽനിന്ന് മാറിപ്പോവില്ലെന്ന് രാജ്യത്തിന് സന്ദേശം നൽകുകയാണ് സ്ഥാപകദിനത്തിൽ തങ്ങളുടെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനക്ഷേമമാണ് കോൺഗ്രസിന്റെ ലക്ഷ്യം. വിവേചനമില്ലാതെ എല്ലാവർക്കും അവസരങ്ങളും ഭരണഘടന അനുശാസിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവകാശങ്ങളുമുള്ള പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യയിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജീവ് ശുക്ല തുടങ്ങിയവർ പങ്കെടുത്തു.
പാർട്ടി അംഗങ്ങൾക്ക് രാഹുൽ ഗാന്ധിയും ആശംസ അറിയിച്ചു. സത്യവും അഹിംസയുമാണ് കോൺഗ്രസിന്റെ അടിത്തറയെന്നും സ്നേഹം, സാഹോദര്യം, ബഹുമാനം, സമത്വം, രാജ്യസ്നേഹം എന്നിവയാണ് മേൽക്കൂരയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരമൊരു സംഘടനയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.