ന്യൂഡൽഹി: രാജ്യം ദീപാവലിയുടെ ആഘോഷാരവങ്ങളിൽ അമരവെ അതിന്റെ പിന്നിൽ പണിയെടുക്കുന്ന കരകൗശല തൊഴിലാളികൾക്കും മറ്റു തൊഴിലാളികൾക്കുമൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് പ്രതിപക്ഷ നേതാവ്. ‘നമുക്ക് അവരുടെ ജീവിതം മനസ്സിലാകുന്നില്ല. അതിനാൽ ഇത്തവണ ദീപാവലി ആഘോഷിക്കുന്നതിനു മുമ്പ് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ തീരുമാനിച്ചു’ - യൂട്യൂബിലും എക്സിലും പോസ്റ്റ് ചെയ്ത വിഡിയോക്കൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.
കരകൗശല കലാകാരൻമാരായ സഹോദരന്മാരോടൊപ്പം പണി ചെയ്തും കുശവ കുടുംബത്തോടൊപ്പം കളിമൺ വിളക്കുകൾ ഉണ്ടാക്കിയും ഈ ദീപാവലി ആഘോഷിച്ചു. അവരുടെ ജോലി സൂക്ഷ്മമായി നിരീക്ഷിച്ചു. അവരുടെ കഴിവുകൾ പഠിക്കാൻ ശ്രമിച്ചു. അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കിയെന്നും രാഹുൽ എഴുതി. രാഹുലിനൊപ്പം അനന്തരവൻ റൈഹാൻ വാദ്രയും ഉണ്ടായിരുന്നു.
एक दिवाली उनके साथ, जिनकी मेहनत से रौशन है भारत! pic.twitter.com/bfmmrjZD2S
— Rahul Gandhi (@RahulGandhi) November 1, 2024
ഡൽഹിയിലെ ജൻപഥ് -10ൽ ചില തൊഴിലാളികളെ രാഹുൽ ഗാന്ധിയും റൈഹാനും സഹായിക്കുന്നതും വിഡിയോയിൽ കാണാം. ‘ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം കാര്യങ്ങൾ കാണാതെ പോകുന്നു. അവർ കൂടുതലും വാട്സാപ്, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ എന്നിവയിലാണ്. റൈഹാൻ ഇത്തരം തൊഴിലുകൾ അനുഭവത്തിലൂടെ അറിയണമെന്ന് ഞാൻ കരുതി.
‘നിങ്ങൾ എവിടെ നിന്നാണെന്ന ചോദ്യത്തിന് ബീഹാറിൽ നിന്നെന്ന് തൊഴിലാളികൾ മറുപടി പറയുന്നു. നിങ്ങൾക്ക് എങ്ങനെയാണ് ഡൽഹി ഇഷ്ടമായതെന്ന് രാഹുൽ ചോദിച്ചപ്പോൾ ‘ഇവിടെ നല്ലതാണ്. പക്ഷേ, വീട് വീടാണ് സർ’ എന്നവർ പറയുന്നതും കാണാം. ‘അവർ അവരുടെ വീടുകളിലേക്ക് പോകുന്നില്ല. നമ്മൾ സന്തോഷത്തോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അവർ കുറച്ച് മാത്രം പണം സമ്പാദിക്കുന്നു. അതിനാൽ അവർ അവരുടെ ഗ്രാമവും നഗരവും കുടുംബവും മറക്കേണ്ടിവരുന്നുവെന്ന്’ രാഹുൽ പറയുന്നു.
ന്യൂഡൽഹിയിലെ ഉത്തം നഗറിൽ ദീപാവലിക്ക് ‘ദിയ’ ഉണ്ടാക്കുന്ന പെൺകുട്ടികളെയും അദ്ദേഹം സന്ദർശിക്കുന്നു. ‘ദിയ’കൾ ഉണ്ടാക്കുന്ന പ്രക്രിയയും ഗാന്ധി അവരിൽ നിന്ന് പഠിക്കുന്നു. ‘ഇവർ കളിമണ്ണിൽനിന്ന് സന്തോഷം സൃഷ്ടിക്കുന്നു. മറ്റുള്ളവരുടെ ഉത്സവങ്ങളിൽ ഇവ പ്രകാശിപ്പിക്കുമ്പോൾ ഇവർക്ക് സ്വയം വെളിച്ചത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടോ? ഇവർക്ക് സ്വന്തം വീടുകൾ പ്രകാശിപ്പിക്കാൻ കഴിയുന്നില്ല! ദീപാവലി എന്നാൽ വെളിച്ചം എന്നാണ് അർത്ഥം. ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും അന്ധകാരത്തെ അകറ്റാൻ അതിന് കഴിയും. അതിന്റെ ജ്വാലയിൽ എല്ലാ വീടും പുഞ്ചിരിക്കണം. കലാപ്രതിഭകൾക്ക് അവകാശങ്ങളും അവരുടെ സംഭാവനകളോടുള്ള ആദരവും നൽകുന്ന ഒരു സംവിധാനം നമ്മൾ സൃഷ്ടിക്കേണ്ടതുണ്ട്. ഈ ദീപാവലി നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും പുരോഗതിയും സ്നേഹവും കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ പറയുന്നു.
കഴിഞ്ഞ മെയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കാലാവസ്ഥ അസ്വസ്ഥമാകുമ്പോഴെല്ലാം അവധിക്ക് വിദേശത്തേക്ക് കുതിക്കുന്ന രാഹുൽ ഗാന്ധിക്കും ഇടയിലുള്ള തെരഞ്ഞെടുപ്പാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നാണ് അമിത് ഷാ ഒരു പരിപാടിയിൽ പറഞ്ഞത്.
എന്നാൽ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിന്റെ പിൻഗാമിയെ തൊഴിലാളിവർഗ നായകനായി ചിത്രീകരിച്ച് വിമർശകരുടെ വായടപ്പിക്കാനുള്ള പണികളിലാണിപ്പോൾ രാഹുൽ ഗാന്ധിയുടെ പബ്ലിസിറ്റി ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.