ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മിരം തരോണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രധാനമന്ത്രിയുടേത് ഭീരുത്വത്തിന്‍റെ നിശബ്ദതയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ചൈനക്കാർ ഒരു ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയി, ഞങ്ങൾ മിരം തരോണിന്‍റെ കുടുംബത്തോടൊപ്പമാണ്. ഞങ്ങൾ പ്രതീക്ഷ കൈവിടില്ല, തോൽവി അംഗീകരിക്കുകയുമില്ല. എന്നാൽ, പ്രധാനമന്ത്രിയുടേത് ഭീരുത്വത്തിന്‍റെ നിശബ്ദതയാണ്' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ഭൂപ്രദേശത്തിന്‍റെ ഭാഗമായ അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ ലങ്ത ജോർ മേഖലയിൽ നിന്ന് കൗമാരക്കാരനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) തട്ടിക്കൊണ്ടുപോയത്. ബി.ജെ.പി എം.പി താപിർ ഗാവോയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കൗമാരക്കാരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനായി സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടതായും എം.പി അറിയിച്ചു.
ചൈനീസ് സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട താരൊണിന്‍റെ സുഹൃത്ത് ജോണി യെയിങ്ങാണ് വിവരം അധികൃതരെ അറിയിച്ചത്. ഇരുവരും സിഡോ ഗ്രാമവാസികളാണ്. സാങ്‌പോ നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തിന് സമീപമാണ് സംഭവം.
2020 സെപ്റ്റംബറിൽ അപ്പർ സുബൻസിരി ജില്ലയിൽ നിന്ന് അഞ്ച് യുവാക്കളെ സൈനീസ് സൈന്യം തട്ടിക്കൊണ്ടുപോവുകയും ഒരാഴ്ചക്ക് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.