അമർ ജവാൻ ജ്യോതിയിലെ അനശ്വര ജ്വാല അണയുന്നത് ദുഃഖകരമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ സ്ഥിതി ചെയ്യുന്ന അമർ ജവാൻ ജ്യോതിയിലെ ജ്വാലയുമായി ദേശീയ യുദ്ധസ്മാരകത്തെ യോജിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി ജ്വലിച്ച അനശ്വര ജ്വാല ഇന്ന് അണയുമെന്നത് ഏറെ ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ചിലർക്ക് രാജ്യസ്നേഹവും ത്യാഗവും മനസിലാക്കാൻ കഴിയില്ല... സാരമില്ല... നമ്മുടെ സൈനികർക്കായി ഞങ്ങൾ ഒരിക്കൽ കൂടി അമർ ജവാൻ ജ്യോതി തെളിക്കും! - രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ 50 വർഷമായി ഇന്ത്യ ഗേറ്റിൽ സ്ഥിതി ചെയ്യുന്ന അമർ ജവാൻ ജ്യോതിയിലെ ജ്വാലയെ ദേശീയ യുദ്ധസ്മാരകത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ യോജിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എയർ മാർഷൽ ബാലബന്ദ്ര രാധാകൃഷ്ണയുടെ അധ്യക്ഷതയിലാണ് ചടങ്ങുകൾ നടക്കുക.

1914-21 കാലയളവിൽ ജീവൻ ബലിയർപ്പിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യൻ സൈനികരുടെ ഒാർമ്മയ്ക്കായി ബ്രിട്ടീഷ് സർക്കാർ നിർമിച്ചതാണ് ഇന്ത്യ ഗേറ്റിലെ സ്മാരകം. 1970കളിൽ ശത്രുരാജ്യത്തിലെ 93,000 സൈനികർ കീഴടങ്ങിയ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വൻ വിജയത്തിന് ശേഷമാണ് അമർ ജവാൻ ജ്യോതി സ്മാരക ഘടനയിൽ ഉൾപ്പെടുത്തിയത്.

2019ൽ ഇന്ത്യ ഗേറ്റ് സമുച്ചയത്തിൽ മോദി സർക്കാറാണ് ദേശീയ യുദ്ധ സ്മാരകം നിർമിച്ചത്. ഇതിന് പിന്നാലെ എല്ലാ സൈനിക ചടങ്ങുകളും ഇന്ത്യ ഗേറ്റ് സ്മാരകത്തിൽ നിന്ന് ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റി.

1947-48 കാലഘട്ടത്തിൽ പാക്കിസ്ഥാനുമായുള്ള യുദ്ധം മുതൽ ചൈനീസ് സൈന്യവുമായുള്ള ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടൽ വരെയുള്ള വിവിധ ഓപറേഷനുകളിൽ വീരമൃത്യു വരിച്ച മുഴുവൻ പ്രതിരോധ ഉദ്യോഗസ്ഥരുടെയും ഭീകരവിരുദ്ധ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെയും പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിലുണ്ട്.

Tags:    
News Summary - Rahul Gandhi slams Centre over merging of Amar Jawan Jyoti with flame at National War Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.