കോവിഡ്​ വ്യാപനം; ബംഗാളിലെ പൊതു പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ്​ പൊതു പരിപാടികൾ റദ്ദാക്കി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

'കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ബംഗാളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നു. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികൾ സംഘടിപ്പിക്കുന്നതിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച്​ ആഴത്തിൽ ചിന്തിക്കാൻ എല്ലാ രാഷ്​ട്രീയ പാർട്ടികളും തയാറാകണമെന്ന്​ അഭ്യർഥിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ബി.ജെ.പി വമ്പൻ റാലികളാണ്​ സംഘടിപ്പിക്കുന്നത്​. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്​ നടന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര​മോദിയുടെ വമ്പൻ റാലി നടന്നിരുന്നു.

ബംഗാളിൽ ആറാംഘട്ട വോ​ട്ടെടുപ്പാണ്​ ഇനി നടക്കാനുള്ളത്​. എട്ടുഘട്ടങ്ങളിലായാണ്​ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​. ഏപ്രിൽ 22, 26, 29 തീയതികളിലാണ്​ ഇനി വോ​ട്ടെടുപ്പ്​. മേയ്​ രണ്ടിന്​ ഫലം പ്രഖ്യാപിക്കും.

അതേസമയം കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മൂന്നുഘട്ട തെരഞ്ഞെടുപ്പുകളും ഒരുമിച്ച്​ നടത്തണമെന്ന്​ മുഖ്യമന്ത്രി മമത ബാനർജിയടക്കം ആവശ്യമുന്നയിച്ചിരുന്നു. 

Tags:    
News Summary - Rahul Gandhi suspends all his rallies in West Bengal in view of Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.