കന്യാകുമാരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനായി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് കോൺഗ്രസ് തുടക്കം കുറിച്ച 'ഭാരത് ജോഡോ യാത്ര'ക്കിടെ രാഹുൽ ഗാന്ധി വിശ്രമിക്കുക ഹോട്ടലുകളിലല്ലെന്ന് റിപ്പോർട്ട്. പ്രത്യേക കണ്ടെയ്നറിലായിരിക്കും രാഹുലിന്‍റെ വിശ്രമമെന്നാണ് ലഭിക്കുന്ന വിവരം.
രാഹുൽ ഗാന്ധിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ത്രിവർണ പതാക കൈമാറിയാണ് ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിച്ചത്. ഹിമാചൽ പ്രദേശ് അടക്കം 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോവുക. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.
'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്നതാണ് യാത്ര. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും. കാൽനടയായി സഞ്ചരിച്ച് രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിക്കും.
കഴിഞ്ഞ എട്ടു വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.
ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും.
ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രക്ക് വന്‍ സ്വീകരണം നല്‍കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.