രാജ്കോട്ട്: രാഹുൽ ഗാന്ധി അടുത്ത മഹാത്മാഗാന്ധിയാണെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദമാക്കി ബി.ജെ.പി. ഗുജറാത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ ഇന്ദ്രാനിൽ രാജ്ഗുരുവിന്റെ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി രംഗത്തുവന്നത്.
‘നിങ്ങൾ വേണമെങ്കിൽ എന്റെ വാക്കുകൾ എഴുതിവെച്ചോളൂ... വരുംനാളുകളിൽ അടുത്ത മഹാത്മാഗാന്ധിയായി രാഹുൽ ഗാന്ധി ഉയർന്നുവരും. ഗാന്ധിജി അൽപ്പം കൗശലക്കാരനായിരുന്നു, രാഹുൽ ഗാന്ധിയാകട്ടെ തികച്ചും സത്യസന്ധനും ശുദ്ധഹൃദയനുമാണ്. രാഹുൽ ഗാന്ധിയെ നേതാവായി രാജ്യം അംഗീകരിച്ചിരിക്കുന്നു’ -എന്നായിരുന്നു രാജ്ഗുരു പറഞ്ഞത്.
ഇത് ഗാന്ധിജിയെ അധിക്ഷേപിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. മഹാത്മാ ഗാന്ധിക്കെതിരായ ഇത്തരം പരാമർശങ്ങൾ ജനം സഹിക്കില്ലെന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷൻ ഭരത് ബോഘറ പറഞ്ഞു. ദൂധ്സാഗറിൽ മേയ് ഒന്നിന് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാജ്ഗുരുവിന്റെ പ്രസ്താവന.
വിവാദത്തിന് വിശദീകരണവുമായി രാജ്ഗുരു എത്തി. ‘ഇപ്പോൾ ബി.ജെ.പി ബ്രിട്ടീഷുകാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അവർ ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിക്കെതിരെ പോരാടുന്നത് രാഹുൽ മാത്രമാണ് -മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയപോലെ’ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.