ഇംഫാൽ: മണിപ്പൂരിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ എ.ടി.എം പോലെയാണ് രാഹുൽ ഗാന്ധിയുടെ കുടുംബം ഉപയോഗിച്ചതെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിക്കുകയും 11 കോടി കർഷകർക്ക് ഓരോ വർഷവും 6,000 രൂപ നൽകുകയും ചെയ്തുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുമെന്നും മണിപ്പൂരിലെ കർഷകർക്ക് 2000 രൂപ അധികം നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബി.ജെ.പി സർക്കാർ രാജ്യത്ത് 60,000 ലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങിയെന്നും സ്മൃതി ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായാണ് 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നും രണ്ടാം ഘട്ടം മാർച്ച് 5 നും നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.