ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ തനിക്കൊപ്പമുള്ളവർക്ക് ദീപാവലി പ്രമാണിച്ച് പ്രത്യേക സമ്മാനങ്ങളുമായി രാഹുൽ ഗാന്ധി. വെള്ളിനാണയം, മധുരപലഹാരങ്ങൾ എന്നിവക്കൊപ്പം അഭിനന്ദനക്കത്തും അടങ്ങുന്നതാണ് ഉപഹാരം.
ഭാരത് ജോഡോ യാത്രികർ, ഒപ്പമുള്ള ഡ്രൈവർമാർ, ക്യാമ്പ് പ്രവർത്തകരായ തൊഴിലാളികൾ എന്നിവർക്കാണ് പ്രത്യേക സമ്മാനം നൽകിയത്. ഇന്ത്യയുടെ ശരിയായ മൂല്യങ്ങളിലുള്ള അവരുടെ വിശ്വാസം വിദ്വേഷത്തെ തോൽപിക്കുകയും മുന്നോട്ടുള്ള പാത പ്രകാശപൂരിതമാക്കുകയും ചെയ്യുമെന്ന് കത്തിൽ രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര 48 ദിവസംകൊണ്ട് മൂന്നിലൊന്ന് ദൂരം താണ്ടിക്കഴിഞ്ഞു. ദീപാവലി ഇടവേളക്കുശേഷം തെലങ്കാനയിലെ മഹ്ബൂബ നഗറിൽനിന്ന് വ്യാഴാഴ്ച യാത്ര പുനരാരംഭിക്കും. 3570 കിലോമീറ്റർ വരുന്ന യാത്ര ഫെബ്രുവരി 20നും 25നുമിടയിൽ കശ്മീരിലെത്തും.
വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭാഗീയത എന്നിവക്കെതിരായ ജനമുന്നേറ്റമെന്ന ലക്ഷ്യത്തിൽ ഭാരത് ജോഡോ യാത്ര വലിയ നേട്ടമാണുണ്ടാക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.