ന്യൂഡൽഹി: നെഹ്റു കുടുംബാംഗങ്ങൾ മത്സരിച്ചുവരുന്ന യു.പിയിലെ റായ്ബറേലി, അമേത്തി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. അമേത്തിയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയിൽ മകൾ പ്രിയങ്ക ഗാന്ധിയും സ്ഥാനാർഥിയാകാനാണ് സാധ്യത.
രാഹുൽ വയനാട്ടിൽ മത്സരിച്ച സാഹചര്യം കൂടി മുൻനിർത്തിയാണ് അദ്ദേഹം കഴിഞ്ഞതവണ തോറ്റ അമേത്തിയിലെ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോയത്. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെക്കുറിച്ച അനാവശ്യ ചർച്ചകൾ വയനാട്ടിൽ ഉണ്ടാകാതിരിക്കാനാണ് ഹൈകമാൻഡ് ശ്രദ്ധിച്ചത്.
രണ്ടാംഘട്ട വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ യു.പിയിലെ സ്ഥാനാർഥി പട്ടികയാണ് ചർച്ച ചെയ്തത്. ഇതിനായി പി.സി.സി പ്രസിഡന്‍റ് അജയ് റായിയേയും വിളിച്ചിരുന്നു. സമിതിയുടെ ശിപാർശയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒപ്പുവെക്കുന്നതോടെ പ്രഖ്യാപനം ഉണ്ടാകും.
‘ഏതാനും ദിവസം കൂടി കാത്തിരിക്കൂ’ എന്ന മറുപടിയാണ് റായ്ബറേലി, അമേത്തി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച ചോദ്യത്തിന് ഖാർഗെ ഗുഹാവതിയിൽ നൽകിയ മറുപടി. രാഹുൽ വയനാട്ടിൽകൂടി മത്സരിച്ചതിനെക്കുറിച്ചും ചോദ്യമുയർന്നു. കോൺഗ്രസ് നേതാക്കൾ മണ്ഡലം മാറുന്നതിനെക്കുറിച്ച് ചോദിക്കുന്നവർ വാജ്പേയിയും അദ്വാനിയും എത്ര തവണ സീറ്റ് മാറിയിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടി പറയണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
ഇതിനിടെ, സ്ഥാനാർഥി മോഹം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ആവർത്തിച്ചു പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ അമേത്തി കിട്ടണമെന്നാണ് വാദ്രയുടെ ലാക്ക്. താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽനിന്ന് സമ്മർദമുണ്ടെന്ന് വാദ്ര ഋഷികേശിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.