ധരംപുർ (ഗുജറാത്ത്): രാഹുൽ ഗാന്ധിയെ മുഗൾ ചക്രവർത്തി ഒൗറംഗസീബിനോട് ഉപമിച്ചും കോൺഗ്രസ് അധ്യക്ഷനായി അദ്ദേഹം സ്ഥാനമേൽക്കുന്നതിനെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിവിനല്ല കുടുംബാധിപത്യത്തിനാണ് കോണ്‍ഗ്രസില്‍ ഇടമെന്നും വല്‍സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.
‘‘മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം മകന് ഒൗറംഗസീബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. അങ്ങനെ കോണ്‍ഗ്രസില്‍ ഒൗറംഗസീബ് ഭരണത്തിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പല്ല നടക്കുന്നത്. ആ പാർട്ടിയിൽ ജനാധിപത്യമില്ല; കുടുംബാധിപത്യമാണ്. തങ്ങൾ കുടുംബ പാർട്ടിയാണെന്ന് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ? ഒൗറംഗസീബ് ഭരണത്തിന് കോൺഗ്രസിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഒൗറംഗസീബ് രാജ് നമുക്കാവശ്യമില്ല’’-മോദി പറഞ്ഞു.
രാഹുലിെൻറ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര അയ്യർ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയെ പരാമർശിച്ചാണ് മോദിയുടെ പ്രസംഗം. ‘‘ജഹാംഗീറിനുശേഷം ഷാജഹാൻ സ്ഥാനമേറ്റപ്പോൾ തെരഞ്ഞെടുപ്പ് നടന്നിരുന്നോ? ഷാജഹാനുശേഷം ഒൗറംഗസീബ് ചക്രവർത്തിയായപ്പോൾ തെരഞ്ഞെടുപ്പ് നടന്നോ? ചക്രവർത്തിയുടെ മകൻ ചക്രവർത്തിയാകുമെന്ന് എല്ലാവർക്കും അറിയാം’’ എന്നാണ് മണിശങ്കര അയ്യർ പറഞ്ഞത്.
മോദി ഇത് ഏറ്റുപിടിക്കുകയും രാഹുലിെൻറ സ്ഥാനാരോഹണം കോൺഗ്രസിലെ ഒൗറംഗസീബ് രാജാണെന്ന് പരിഹസിക്കുകയും ചെയ്തതോടെ മണിശങ്കര അയ്യർ വിശദീകരണവുമായി രംഗത്തെത്തി.
രണ്ടും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ അദ്ദേഹം, ജഹാംഗീറിനുശേഷം ഷാജഹാനാണ് നേതാവെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ, കോൺഗ്രസിൽ രാഹുൽ ഗാന്ധിക്കെതിരെ ആർക്കു വേണമെങ്കിലും മത്സരിക്കാമെന്നും വ്യക്തമാക്കി. ഇത് പൂർണമായ ജനാധിപത്യപ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.