ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ആയിരത്തിലധികം വ്യാജ മാർക്ക്കാർഡുകൾ പിടിച്ചെടുത്തു. മഹാലക്ഷ്മി ലേ ഔട്ട്, കോടിഹള്ളി, മാരത്തഹള്ളി എന്നിവിടങ്ങളിലെ ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ടിലാണ് (വി.എസ്.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്) റെയ്ഡ് നടത്തിയത്.
വിവിധ യൂനിവേഴ്സിറ്റികളുടെ 1,097 വ്യാജ മാർക്ക് കാർഡുകൾ, 87 ബ്ലാങ്ക് മാർക്ക് കാർഡുകൾ, 74 സീലുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ, അഞ്ചു പിഎച്ച്.ഡി ടി.സികൾ, അഞ്ചു മൊബൈൽ ഫോണുകൾ, ഒരു പ്രിന്‍റർ എന്നിവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ബംഗളൂരു പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ് റെഡ്ഡി ഇവ പരിശോധിച്ചു. സ്ഥാപനത്തിന്‍റെ ഡയറക്ടർ ശിൽപ, ജീവനക്കാരായ ശാരദ, കിഷോർ, പ്രിന്‍റിങ് പ്രസിന്‍റെ ഉടമ രാജണ്ണ എന്നിവരെ സി.സി.ബി അറസ്റ്റ് ചെയ്തു.
ക്രമക്കേടിന്‍റെ മുഖ്യസൂത്രധാരനും സ്ഥാപനത്തിന്‍റെ സ്ഥാപക ചെയർമാനുമായ ജി. ശ്രീനിവാസ് റെഡ്ഡിയെ പിടികൂടാനായിട്ടില്ല. സമാനകുറ്റകൃത്യത്തിന് ഇയാളെ 2018ലും 2019ലും സി.സി.ബി അറസ്റ്റ് ചെയ്തിരുന്നു. അധികൃതർ റെയ്ഡ് നടത്തുമ്പോൾ അച്ചടിക്കാനായി മാർക്ക് കാർഡുകൾ കൈപ്പറ്റാനായി പ്രസിന്‍റെ ഉടമ രാജണ്ണ സ്ഥാപനത്തിൽ എത്തിയിരുന്നു.
അരലക്ഷം മുതൽ ഒരുലക്ഷം രൂപ വരെ ഈടാക്കിയാണ് വിവിധയിടങ്ങളിലെ ആളുകൾക്ക് ഈ സ്ഥാപനം എസ്.എസ്.എൽ.സി, പി.യു.സി, ഡിപ്ലോമ, അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്സ് കോഴ്സുകളുടെ വ്യാജ മാർക്ക് കാർഡുകൾ നൽകിയിരുന്നതെന്ന് സി.സി.ബി അധികൃതർ പറഞ്ഞു. പിഎച്ച്.ഡി കോഴ്സിന്‍റെ മാർക്ക് കാർഡുകൾക്ക് 10 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. വിദൂരവിദ്യാഭ്യാസം വഴി വിവിധ കോഴ്സുകൾക്ക് ചേരുന്നവരെയാണ് സ്ഥാപനം മുഖ്യമായി ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.