മുംബൈ: ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെയും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.100 കോടി രൂപയുടെ കോവിഡ് സെന്റർ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് നൽകിയ പരാതിയെ തുടർന്നാണിത്.
ബ്രഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബി.എം.സി) ചില ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ ഉൾപ്പെടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞത് 15 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. വ്യവസായിയായ സുജിത് പട്കറുടെ ലൈഫ്‌ലൈൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സർവീസസിന് ബി.എം.സി ജംബോ കോവിഡ് സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കരാർ നൽകിയതിലാണ് അഴിമതി ആരോപണമുയർന്നത്.
ഇത്തരം കേന്ദ്രങ്ങൾ നടത്തി പരിചയമില്ലാതിരുന്നിട്ടും പട്കറിനും അദ്ദേഹത്തിന്റെ മൂന്ന് പങ്കാളികൾക്കും കരാർ നൽകിയെന്ന് ആരോപിച്ച് മുതിർന്ന ബി.ജെ.പി നേതാവ് കിരിത് സോമയ്യ പരാതി നൽകിയിരുന്നു. ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായിയാണ് പട്കർ.
ആദിത്യ താക്കറെയുടെ പേഴ്‌സണൽ അസിസ്റ്റന്റായ സൂരജ് ചവാന്റെ ചെമ്പൂരിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിനെക്കുറിച്ച് അറിഞ്ഞയുടൻ ശിവസേന പ്രവർത്തകർ സ്ഥലത്തെത്തി ഇ.ഡിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കുമെതിരെ മുദ്രാവാക്യം വിളി തുടങ്ങി. റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമേ ശ്രദ്ധയിൽ പെട്ടിട്ടുള്ളൂവെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.