പഞ്ചാബ് കർഷകരുടെ റെയിൽ റോക്കോ സമരം മൂന്നാം ദിവസത്തിലേക്ക്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു



ചണ്ഡീഗഡ്: പ്രളയത്തിൽ നശിച്ച വിളകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നും കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ നടത്തുന്ന റെയിൽ റോക്കോ (ട്രെയിൻ തടയൽ) സമരം ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച മുതലാണ് സമരം തുടങ്ങിയത്. ട്രെയിനുകൾ പലതും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ത്രിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫരീദ്കോട്ട്, സമ്രാള, മോഗ, ഹോഷിയാർപൂർ, ഗുരുദാസ്പൂർ, ജലന്ധർ, തരൺ തരൺ, സംഗ്രൂർ, പട്യാല, ഫിറോസ്പൂർ, ബതിന്ഡ, അമൃത്സർ എന്നിവിടങ്ങളിലെ പലയിടത്തും കർഷകർ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു.

കർഷക പ്രക്ഷോഭം അംബാല, ഫിറോസ്പൂർ ഡിവിഷനുകളെ നേരിട്ട് ബാധിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി, ഭാരതി കിസാൻ യൂണിയൻ (ക്രാന്തികാരി); ഭാരതി കിസാൻ യൂണിയൻ (ഏക്ത ആസാദ്); ആസാദ് കിസാൻ കമ്മിറ്റി, ഭാരതി കിസാൻ യൂണിയൻ (ബെഹ്റാംകെ); ഭാരതി കിസാൻ യൂണിയൻ (ഷഹീദ് ഭഗത് സിംഗ്), ഭാരതി കിസാൻ യൂണിയൻ (ചോട്ടു റാം) എന്നിവർ മൂന്ന് ദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച ഓരോ കർഷകന്റെയും കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നു.

Tags:    
News Summary - Rail Roko strike of Punjab farmers enters third day; Train traffic was disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.