ചെന്നൈ: രാജ്യത്തെ ആദ്യ രാത്രികാല ഫോര്‍മുല 4 സ്ട്രീറ്റ് കാറോട്ട മത്സരത്തിന് ആഗസ്റ്റ് 31ന് ചെന്നൈയില്‍ കൊടിയേറും. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന രാത്രികാല കാര്‍ റേസ് മത്സരത്തില്‍ നിരവധി വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മത്സരം തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റി മാറ്റിവെക്കുകയായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കൊച്ചിയില്‍ നിന്നടക്കം രാജ്യത്തെ എട്ട് നഗരങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
മറീന ബീച്ചിനുസമീപത്തുള്ള 3.5 കിലോമീറ്റര്‍ നീളമുള്ള ദ്വീപ് ഗ്രൗണ്ടിന് ചുറ്റുമുള്ള റേസിങ് ട്രാക്കിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈകിട്ട് 4.30ന് ആരംഭിക്കുന്ന റേസിങ് ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇന്ത്യന്‍ റേസിംഗ് ലീഗുമായി സഹകരിച്ചാണ് തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റി മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ ഐലന്‍ഡില്‍ നിന്ന് ആരംഭിച്ച് അണ്ണാ റോഡ്, ശിവാനന്ദ റോഡ്, നേപ്പിയര്‍ പാലം വഴി തിരികെ ദ്വീപിലേക്ക് മടങ്ങുന്ന വിധമാണ് കാറോട്ടം നടക്കുക.
വിവിധ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസി ടീമുകള്‍ തമ്മിലുള്ള ഇന്ത്യന്‍ റേസിങ് ലീഗ് മത്സരവും, ജൂനിയര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോര്‍മുല 4 റേസിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ക്ക് കീഴിലാണ് കാറോട്ട മത്സരം നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീം ഉടമകളില്‍ സൗരവ് ഗാംഗുലിയും ബോളിവുഡ് താരം അര്‍ജുന്‍ കപൂറും ഉള്‍പ്പെടുന്നുവെന്നത് മത്സരങ്ങള്‍ക്ക് പൊലിമയേകുന്ന കാര്യമാണ്.
ഡിസംബര്‍ 9, 10 തീയതികളില്‍ ചെന്നൈയില്‍ ഫോര്‍മുല 4 കാര്‍ റേസ് നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ട്രാക്കുകളും മറ്റ് സംവിധാനങ്ങളും തയാറാക്കിയതെന്ന് സംഘാടകരായ ആര്‍.പി.പി.എല്‍ മാനേജിങ് ഡയറക്ടര്‍ അഖിലേഷ് റെഡ്ഡി അറിയിച്ചു. ഫോര്‍മുല 4 റേസിംഗ് കാണാന്‍ എത്തുന്നവര്‍ക്ക് 299 രൂപ മുതലുള്ള ടിക്കറ്റുകള്‍ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.