മേട്ടുപാളയം- കൂനൂർ ട്രെയിൻ സർവിസ് റദ്ദാക്കി

ചെന്നൈ: മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ മേട്ടുപാളയം- കൂനൂർ പർവ്വത ട്രെയിൻ സർവിസ് ആഗസ്റ്റ് 31 വരെ റദ്ദാക്കി. മോശമായ കാലാവസ്ഥ മൂലം ആഗസ്റ്റ് ഒൻപത് മുതൽ 25 വരെ ട്രെയിൻ സർവീസ് നേരത്തെ നിർത്തിലാക്കിയിരുന്നു.

റെയിൽവേ പാളത്തിന് സമീപം മണ്ണിടിച്ചിൽ അപകട ഭീഷണി തുടരുന്നതിനാലും റെയിൽവേ പാലങ്ങളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലുമാണ് സർവിസ് റദ്ദാക്കൽ നീട്ടിയത്.

കോയമ്പത്തൂരിനടുത്ത മേട്ടുപ്പാളയം മുതൽ ഊട്ടി (ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷൻ) വരെയാണ് ഓട്ടം. 45.88 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര പൂർത്തിയാക്കാൻ മൂന്നര മുതൽ നാലര മണിക്കൂർ വരെ സമയമെടുക്കും. വിനോദ സഞ്ചാരികളുടെ ഇഷ്ട യാത്രയായതിനാൽ ടിക്കറ്റുകൾ ലഭിക്കാൻ മാസങ്ങൾക്ക് മുൻപേ റിസർവ് ചെയ്യണം.

കൽക്കരിയിൽ ഓടിയിരുന്ന പൈതൃക ട്രെയിനിന്‍റെ എൻജിനുകൾ മേട്ടുപാളയം-കൂനൂർ ട്രാക്കിൽ വലിമുട്ടി പാതിവഴിയിൽ നിൽക്കാൻ തുടങ്ങിയതോടെ ഫർണസ് ഓയിൽ എൻജിനുകളും ഡീസൽ എൻജിനുകളും ഉപയോഗിക്കുന്നുണ്ട്.

മേട്ടുപാളയം-കൂനൂർ-ഊട്ടി പാതയിൽ 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളുമുണ്ട്. രാവിലെയും വൈകീട്ടും ഓരോ സർവിസാണുള്ളത്. രാവിലെ 7.10ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12 മണിയോടെ ഊട്ടിയിലെത്തും. ഉച്ച രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവിസ് വൈകീട്ട് 5.30ന് മേട്ടുപ്പാളയത്ത് അവസാനിക്കും.

റിസർവേഷൻ ടിക്കറ്റുകൾ ഐ.ആർ.സി.ടി.സി വഴിയും ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും ലഭിക്കും. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കന്റ് ക്ലാസിന് 295 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് എടുക്കാൻ വളരെ നേരത്തെ പോയി ക്യൂ നിൽക്കണം.

Tags:    
News Summary - Nilgiri Mountain Railway Services Suspended Due To Landslides, Tree Falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.