പട്ന: ബിഹാറില്‍ റെയിൽവേ റിക്രൂട്ട്‌മെന്‍റ് പരീക്ഷ ഫലത്തെച്ചൊല്ലി നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂട്യൂബർ 'ഖാൻ സർ' അടക്കമുള്ളവർക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ്, മത്സര പരീക്ഷ പരിശീലകരിൽ പ്രമുഖനായ ഖാൻ സർ എന്നറിയപ്പെടുന്ന വ്യക്തിക്കെതിരെ പട്ന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, ഖാൻ സർ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇദ്ദേഹം ആരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ.
പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലായ വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഖാൻ സറിനെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ആർ.ആർ.ബി, എൻ.ടി.പി.സി പരീക്ഷകൾ റദ്ദാക്കിയില്ലെങ്കിൽ തെരുവിലിറങ്ങാൻ വിദ്യാർഥികളെ ഖാൻ സർ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്നും ഇതേതുടർന്നാണ് ഇവർ പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് കേസെടുത്ത ഖാൻ സർ ആരാണെന്നും എന്താണ് യഥാർഥ പേര് എന്നതും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമിത് സിങ് എന്നാണെന്നും അതല്ല, ഫൈസൽ ഖാൻ എന്നാണെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണെന്നും ചിലർ പറയുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ, താൻ പഠിപ്പിക്കുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുകയോ വ്യക്തിഗത നമ്പർ പങ്കിടുകയോ ചെയ്യരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായി ഖാൻ സർ പറഞ്ഞു. 'ചില വിദ്യാർഥികൾ തന്നെ ഖാൻ സർ എന്ന് വിളിക്കാൻ തുടങ്ങിയതോടെ ആ പേര് സ്വീകരിക്കുകയായിരുന്നു. സമയമാകുമ്പോൾ എല്ലാം എല്ലാവരും അറിയും" -അദ്ദേഹം പറഞ്ഞു.
പരീക്ഷാ ഫലത്തെചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമാകാൻ കാരണം റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് (ആർ.ആർ.ബി) ആണെന്ന് ഖാൻ സർ 'ബിഹാർ തക്കി'ന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. അക്രമത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും ഖാൻ സർ പറഞ്ഞു. 'റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡാണ് ഈ പ്രക്ഷോഭത്തിന് ഉത്തരവാദികൾ. അവർ ഇന്‍റർമീഡിയറ്റ്, ബിരുദ വിദ്യാർത്ഥികൾക്ക് ഒരേ ഫലം നൽകി. ഇത് ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രയോജനപ്പെടുക. ഇതാണ് യഥാർത്ഥത്തിൽ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.' -അദ്ദേഹം പറഞ്ഞു.
അതേസമയം, ഖാൻ സറിനെയും വിദ്യാർത്ഥികളെയും പിന്തുണച്ച് ജൻ അധികാര് പാർട്ടി നേതാവ് പപ്പു യാദവ് രംഗത്തെത്തി. ആർആർബി-എൻടിപിസി സമര കേസിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നത് ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'നിങ്ങൾ (സർക്കാർ) വിദ്യാർഥികളുടെ ഭാവി വെച്ചാണ് കളിച്ചത്. അതിനാൽ വിദ്യാർത്ഥികൾ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. അതുകൊണ്ട് ഞാൻ പറയുന്നത് അധ്യാപകരെയും വിദ്യാർത്ഥികളെയും അടിച്ചമർത്തുന്നത് നിർത്തുക. നിങ്ങൾക്ക് അറസ്റ്റ് ചെയ്യണമെങ്കിൽ ആദ്യം എന്നെ അറസ്റ്റ് ചെയ്യൂ' -പപ്പു യാദവ് വ്യക്തമാക്കി.
ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയും ഖാൻ സറിനെ പിന്തുണച്ചു. തൊഴിലിനെ കുറിച്ച് സർക്കാർ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലാത്തപക്ഷം സ്ഥിതി ഇതിലും മോശമായേക്കാം. ഖാൻ സർ ഉൾപ്പെടെയുള്ള അധ്യാപകർക്കെതിരായ കേസുകൾ പ്രതിഷേധത്തിൽ കൂടുതൽ അക്രമത്തിന് പ്രേരണ നൽകും -അദ്ദേഹം പറഞ്ഞു.
അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ഖാൻ സർ പുതിയ വിഡിയോ പുറത്തിറക്കി. പ്രതിഷേധം സമാധാനപരമായി മുന്നോട്ടുകോണ്ടുപോകണമെന്നും അക്രമത്തിലേക്ക് തിരിഞ്ഞാൽ ആരും പിന്തുണക്കില്ലെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.