ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാറിന് തടിയൂരാൻ വീണ്ടും കള്ളപ്രചരണങ്ങളുമായി സംഘ്പരിവാർ അനുകൂല തീവ്രഹിന്ദുത്വ സോഷ്യൽമീഡിയ ഹാൻഡിലുകൾ. അമീർ ഖാൻ എന്ന് പേരുള്ള റെയിൽവെയിലെ മുസ്‍ലിമായ ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് തീവ്ര വലതുപക്ഷ പ്രചാരകരും സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇത് നുണയാണെന്നും ജീവനക്കാരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.
‘ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി അവർ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നുമുണ്ട്’ -സൗത്ത് ഈസ്റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ കുമാർ ചൗധരി എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ വിഡിയോയിൽ പറഞ്ഞു.
ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം മുസ്‍ലിം ജൂനിയർ എൻജിനീയർ അമീർ ഖാന്റെ മേൽ ചുമത്തി വലതുപക്ഷ പ്രചാരകരും ഗോഡി മീഡിയയും ആഘോഷിക്കുകയാണെന്നും സർക്കാരിൽ നിന്ന് കുറ്റം മുസ്‌ലിമിന്റെ തലയിലേക്ക് മാറ്റാൻ പരമാവധി ശ്രമിക്കുകയാണെന്നും വിഡിയോ പങ്കുവെച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ കുറിച്ചു.
ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ചെന്നൈയിലേക്കുള്ള ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ഖരഗ്പൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂർ-പുരി പാതയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഇതിന് പിന്നാലെ മൂന്ന് വൻ കള്ളങ്ങളാണ് മുസ്‍ലിംകളെ കരുവാക്കി സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചത്.
അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാണെന്നുമാണ് ആദ്യം പ്രചരിപ്പിച്ചത്. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോ മാർക്ക് നൽകിയ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് തെളിയിച്ചു.
മുസ്‍ലിം പള്ളി എന്ന കള്ളം പൊളിഞ്ഞതോടെ അടുത്ത നുണയുമായി ഇവർ രംഗത്തെത്തി. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ അപകടത്തിന് പിന്നാലെ ഒളിവിലാണെന്നായിരുന്നു പുതിയ പ്രചാരണം. എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ലെന്ന് ആൾട്ട് ന്യൂസ് അന്വേഷണം നടത്തി വ്യക്തമാക്കി.
‘‘പേര് ഷെരീഫ്. പോസ്റ്റ് - സ്റ്റേഷൻ മാസ്റ്റർ. നിലവിൽ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒളിവിലാണ്. ഇനി മുതൽ ജോലി നൽകുന്നതിന് മുമ്പ് പേര് പരിശോധിക്കേണ്ടതുണ്ട്’’ -എന്നായിരുന്നു ട്വിറ്റർ ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള രാഷ്ട്രവാദി ഹിന്ദു മഹാസഭ തലവനായ വിവേക് പാണ്ഡെ (@vivekpandeyvns_) എന്നയാളുടെ ട്വീറ്റ്. ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള ബി.ജെ.പി ഖൈർ മണ്ഡലം ഐ.ടി സെൽ മേധാവിയായ മാനവ് എന്നയാളും ജൂൺ 4 ന് സമാനമായ പ്രചാരണം ട്വീറ്റ് ചെയ്തു. സ്റ്റേഷൻ മാസ്റ്ററെന്ന് കരുതപ്പെടുന്ന ‘ഷരീഫി’ന്റെ ചിത്രവും ചേർത്താണ് ഇയാളുടെ പോസ്റ്റ്: “അന്വേഷണത്തിന് ഉത്തരവിട്ട ശേഷം 'ഷരീഫ്' എന്ന സ്റ്റേഷൻ മാസ്റ്ററെ കാണാതായോ? ഇതാണ് ഈ സമൂഹത്തിന്റെ പ്രശ്നം. #BalasoreTrainAccident #TrainAccident.’’-എന്നായിരുന്നു ട്വീറ്റ്.
“ഇത് (മൂന്ന് ട്രെയിനുകളുടെ കൂട്ടിയിടി) ഒരു അപകടമല്ല. അശ്രദ്ധയുമല്ല. ഒളിവിൽ കഴിയുന്ന സ്റ്റേഷൻ മാസ്റ്റർ ഷെരീഫ് മനഃപൂർവം നടപ്പിലാക്കിയതാണ്. അദ്ദേഹം കോറമാണ്ഡൽ എക്‌സ്പ്രസിനെ ഗുഡ്‌സ് ട്രെയിൻ നിറത്തിയിട്ട ലൂപ്പ് ലൈനിലേക്ക് മാറ്റി. സ്റ്റേഷൻ മാസ്റ്റർ ഷെരീഫിന്റെ പങ്ക് പുറത്തുവന്നാൽ അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ മുഖം വെളിപ്പെടും’’ എന്നായിരുന്നു യോഗി ആദിത്യനാഥ് ഫാൻ ഡിജിറ്റൽ യോദ്ധ എന്ന ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റ്. ഇതടക്കം നിരവധി പേർ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, ‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന പ്രചാരണം ശ്രദ്ധയിൽപെട്ടതോടെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ ജീവനക്കാരുടെ പേര് വിവരം ആൾട്ട് ന്യൂസ് ശേഖരിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് പുറത്ത് തൂക്കിയിട്ട ജീവനക്കാരുടെ പേര് പ്രദർശിപ്പിക്കുന്ന ബോർഡിന്റെ ഫോട്ടോ അടക്കം ഇവർ പുറത്തുവിട്ടിരുന്നു. ഇതിൽ ഷരീഫ് എന്ന് ആരും ഉണ്ടായിരുന്നില്ല.
"ഒഡീഷ ട്രെയിൻ അപകടം: ബഹനാഗ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ, കേസ് രജിസ്റ്റർ ചെയ്തു" എന്ന് ഒഡിയ ഭാഷയിലുള്ള കലിംഗ ടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ മാസ്റ്ററുടെ പേര് കൃത്യമായി പറയുന്നുണ്ട്. ‘ഡ്യൂട്ടിയിലായിരുന്ന ബഹനാഗ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ എസ് ബി മൊഹന്തി ട്രെയിൻ അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി’ എന്നായിരുന്നു റിപ്പോർട്ട്. പിന്നീട് മൊഹന്തിയെ കണ്ടെത്തിയതായും റെയിൽവേ സേഫ്റ്റി കമ്മീഷണർ സംഘം ചോദ്യം ചെയ്തുവെന്നും ജൂൺ 5 ന് കലിംഗ ടിവി വാർത്ത നൽകിയിരുന്നു.
സ്റ്റേഷൻ ജീവനക്കാരാരും ഒളിവിലല്ലെന്നും പൊലീസ് അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒഡീഷയിൽ നിന്നുള്ള രണ്ട് മുതിർന്ന ഐ.പി.എസ് ഓഫിസർമാർ അറിയിച്ചതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്റ്റേഷൻ ജീവനക്കാരിൽ ‘ഷരീഫ്’ എന്ന പേരിൽ ആരും ഉണ്ടായിരുന്നില്ലെന്നും എല്ലാ സ്റ്റേഷൻ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു. എസ് ബി മൊഹന്തി ഒളിവിലല്ലെന്ന് റെയിൽവേ പിആർഒ നിഹാർ മൊഹന്തിയും ആൾട്ട് ന്യൂസിനോട് സ്ഥിരീകരിച്ചു.
‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന വ്യാജപ്രചാരണത്തിന് ശക്തി പകരാൻ തീവ്രഹിന്ദുത്വ ട്വിറ്റർ ഹാൻഡിലുകൾ ഒരു സ്റേറഷൻ മാസ്റ്ററുടെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു. vikaschander.com എന്ന വെബ്സൈറ്റിൽ 2004 മാർച്ചിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇതിന് ഉപയോഗിച്ചത്. ബോറ ഗുഹാലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെതാണ് പ്രസ്തുത ഫോട്ടോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.