ഡൽഹി: കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഡൽഹിയിൽ കനത്ത മഴയായിരുന്നു. സഫ്ർദർജംഗ് ഒബ്സർവേറ്ററിയിൽ രേഖപ്പെടുത്തിയ താപനിലയാകട്ടെ 9.9 ഡിഗ്രി സെൽഷ്യസും. പെയ്തത് 25 മില്ലീമീറ്റർ മഴ. പാലം ഒബ്സർവേറ്ററിയിൽ 11.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. 18 മില്ലീമീറ്റർ മഴയാണ് ഇവിടെ കണക്കാക്കിയത്. ആലിപ്പഴവും കൊടുങ്കാറ്റുമുള്ള മഴ ജനുവരി ആറ് വരെ പ്രതീക്ഷിക്കുന്നതായും വിവിധ ഒബ്സർവേറ്ററികളിലെ അധികൃതർ പറയുന്നു. ഞായറാഴ്ച പുലർച്ചെ ഉറക്കമുണർന്ന കർഷകർ കണ്ടത് വെള്ളം കയറി നനഞ്ഞ വിറകും കുതിർന്ന വസ്ത്രങ്ങളുമാണ്.
എല്ലാ ദുരിതത്തിലും കാര്യങ്ങൾ അന്വേഷിക്കാൻ വന്നവരോട് അവർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. വരൂ, ഞങ്ങളുടെ ഗ്രാമങ്ങളിലേക്കും ഞങ്ങളുടെ പാടങ്ങളിലേക്കും വരൂ. ഇതിലും കഷ്ടപ്പാടാണ് ഞങ്ങൾക്കവിടെ. ഞങ്ങൾ ഈ രാജ്യത്തിനുവേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് ഇതിലും കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചിട്ടാണ്. ഇതിലൊന്നും ഞങ്ങൾ പരാജയപ്പെടുമെന്ന് കരുതേണ്ട. ഞങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുകതന്നെ ചെയ്യും. കൃഷിക്കാർക്ക് വാട്ടർ പ്രൂഫ് കൂടാരങ്ങളുണ്ടെങ്കിലും തണുപ്പ്, വെള്ളക്കെട്ട് എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കാൻ കഴിയില്ലെന്ന് സാങ്ക്യുത് കിസാൻ മോർച്ചയിലെ അംഗമായ കർഷക നേതാവ് അഭിമന്യു കോഹർ പറഞ്ഞു. മഴയെത്തുടർന്ന് പ്രതിഷേധ സ്ഥലങ്ങളിൽ സ്ഥിതി വളരെ മോശമാണ്. മഴയ്ക്ക് ശേഷം വളരെയധികം തണുപ്പുണ്ട്. പക്ഷേ ഞങ്ങളുടെ ദുരിതങ്ങൾ സർക്കാരിന് കാണാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്ന കർഷകരുടെ ആവേശം മഴയിലും തണുപ്പിലും ഒട്ടും നശിച്ചിട്ടില്ലെന്ന് സിങ്കു അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഗുർവീന്ദർ സിംഗ് പറഞ്ഞു. 'നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഇവിടെ തുടരുകതന്നെ ചെയ്യും' - അദ്ദേഹം പറഞ്ഞു. 'തണുത്ത കാലാവസ്ഥയെ നേരിടാൻ കർഷകർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അത്ര ഫലപ്രദമല്ല. പക്ഷെ പ്രക്ഷോഭത്തിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല'-തിക്രി അതിർത്തിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹാൻ നേതാവ് സുഖ്ദേവ് സിങ് പറഞ്ഞു. 'മഴയും വെള്ളക്കെട്ടും കാരണം ഞങ്ങളുടെ വസ്ത്രങ്ങൾ നനഞ്ഞുകുതിർന്നിട്ടുണ്ട്.
മഴവെള്ളം ഒലിച്ചിറങ്ങിയതിനാൽ വിറകും ഉപയോഗിക്കാനാവുന്നില്ല. ഭക്ഷണം പാകം ചെയ്യാൻ ഞങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഞങ്ങളുടെപക്കൽ എൽപിജി സിലിണ്ടർ ഉണ്ട്. എന്നാൽ ഇവിടെ എല്ലാവർക്കും അത് ഇല്ല' -കർഷകനായ വീർപാൽ സിങ് പറഞ്ഞു. കേന്ദ്രം പാസാക്കിയ കർഷക നിയമങ്ങൾക്കെതിരേ ആയിരക്കണക്കിന് കർഷകർ മൂന്ന് മാസമായി ദില്ലി അതിർത്തി കേന്ദ്രങ്ങളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ പ്രക്ഷേഭത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.