മുംബൈ: രാജ് താക്കറെയുടെ പ്രസംഗം ഭാരതീയ ജനതാ പാർട്ടി നൽകിയ തിരക്കഥയല്ലാതെ മറ്റൊന്നുമല്ലെന്ന് മുംബൈ മുൻ മേയർ കിഷോരി പെഡ്‌നേക്കർ. രാജ്യത്ത് വർധിക്കുന്ന വിലക്കയറ്റത്തെക്കുറിച്ച് രാജ് താക്കറെ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുടനീളം ശിവസേനയോടുള്ള വെറുപ്പ് മാത്രമേ പ്രകടമായുള്ളൂവെന്നും പെഡ്‌നേക്കർ കുറ്റപ്പെടുത്തി. 'പ്ലേ ദാറ്റ് വീഡിയോ' എന്ന ഡയലോഗിലൂടെ പ്രശസ്തനായ പഴയ രാജ് താക്കറെയെ ഈ പ്രസംഗത്തിൽ കാണാനില്ലെന്ന് പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നവനിർമാൺ സേന തലവനായ രാജ് താക്കറെ ശനിയാഴ്ച ശിവാജി പാർക്കിൽ നടന്ന റാലിയിൽ ശിവസേന തലവനായ ഉദ്ധവ് താക്കറെയ്‌ക്കെതിരെയും മഹാരാഷ്ട്ര സർക്കാരിനെതിരെയും നിശിതമായ വിമർശനങ്ങളുന്നയിച്ചിരുന്നു. നിരവധി വർഗീയ വിദ്വേഷ പ്രചരണങ്ങൾ നടത്തിയ താക്കറെയുടെ പ്രസംഗത്തിനെതിരെ ശിവസേന, എൻ.സി.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. പള്ളികളിലെ ഉച്ചഭാഷണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികളുടെ മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലീസ വെക്കുമെന്ന തരത്തിലുള്ള പ്രസ്താവനകൾ രാജ് താക്കറെ നടത്തിയിരുന്നു.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പള്ളികളിലെ ഉച്ചഭാഷണികൾ നീക്കം ചെയ്തുവെന്നും ബാങ്കുവിളി ഒഴിവാക്കിയെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ നിയമം തന്നെയാണ് മഹാരാഷ്ട്രയിലും നിലനിൽക്കുന്നതെന്നും മഹാരാഷ്ട്രയിൽ ക്രമസമാധാനം നിലനിർത്താൻ നിയമസംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് ഇതിനെതിരെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.