ന്യൂഡൽഹി: നരേന്ദ്ര മോദി-അമിത് ഷാമാരുടെ തട്ടകമായ ഗുജറാത്തിൽ ബി.ജെ.പിയോട് ഇഞ്ചോടിഞ്ച് പൊരുതുന്നതിൽ വിജയിച്ച കോൺഗ്രസിന് രാജസ്ഥാൻ, പഞ്ചാബ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും തിളക്കമാർന്ന നേട്ടം കൊയ്യാനായത് ഗ്രാമീണരുടെ പിന്തുണയിൽ. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം നേടിക്കൊടുത്ത മൂന്നര വർഷം മുമ്പത്തെ രാഷ്ട്രീയ ചിത്രത്തിൽനിന്ന് വ്യത്യസ്തമായി, ഗ്രാമീണ ഇന്ത്യയുടെ ചിന്താഗതിയിൽ വ്യക്തമായ മാറ്റം പ്രകടം.
രാജസ്ഥാനിലെ ജില്ല പരിഷത്, പഞ്ചായത്ത് സമിതി ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയേക്കാൾ വളരെ മുന്നിലാണ് കോൺഗ്രസ്. നഗരസഭ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏഴും കോൺഗ്രസ് ആറും സീറ്റിൽ ജയിച്ചു.
ഉപതെരഞ്ഞെടുപ്പു നടന്ന നാലു ജില്ലാ പരിഷത്തുകളും കോൺഗ്രസ് പിടിച്ചടക്കി. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 16 ഇടത്ത് ജയിച്ചപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 10 സമിതികളാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിെൻറ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് ഫലത്തെക്കുറിച്ച് പി.സി.സി പ്രസിഡൻറ് സചിൻ പൈലറ്റ് പ്രതികരിച്ചത്. ആഗസ്റ്റിൽ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 19 സ്ഥലത്ത് വിജയിച്ചപ്പോൾ ബി.ജെ.പിക്ക് 10 സ്ഥലത്താണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്.
ഇൗ വർഷമാദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ പഞ്ചാബിലെ ഭരണം പിടിച്ച കോൺഗ്രസ് നഗരസഭ െതരഞ്ഞെടുപ്പിൽ തൂത്തുവാരി. മുനിസിപ്പൽ കമ്മിറ്റികളിലെ 414 വാർഡുകളിൽ 267ഉം നേടിയത് കോൺഗ്രസാണ്. അമൃത്സർ, ജലന്ധർ, പട്യാല മുനിസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് പിടിച്ചു. ജലന്ധറിൽ 80ൽ 66 സീറ്റും കോൺഗ്രസിന്; ബി.ജെ.പിക്കും സഖ്യകക്ഷിയായ ശിരോമണി അകാലിദളിനും കൂടി 12 സീറ്റ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ തട്ടകമായ പട്യാലയിലെ 60ൽ 59 സീറ്റും അമൃത്സറിൽ 85ൽ 64 സീറ്റും കോൺഗ്രസ് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.