ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കെനും ഇന്ന് ഉച്ചക്ക് സോണിയ ഗാന്ധിയെ കാണും. എ.ഐ.സി.സി പ്രസിഡന്റായി അശോക് ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താൽ ഒഴിവു വരുന്ന മുഖ്യമന്ത്രി പദത്തിലേക്ക് ആളെ കണ്ടെത്തുന്നതിനായി പാർലമെന്ററി പാർട്ടി യോഗം നടത്താനാണ് ഞായറാഴ്ച ഖാർഗെയും മാക്കെനും രാജസ്ഥാനിലെത്തിയത്. എന്നാൽ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ 90 എം.എൽ.എമാർ യോഗം ബഹിഷ്കരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിർദേശിക്കുക എന്നതായിരുന്നു ഹൈക്കമാന്റ് തീരുമാനം. അതംഗീകരിക്കാൻ തയാറാകാതിരുന്ന എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയും രാജിക്കത്ത് നൽകുകയുമായിരുന്നു. ഒന്നുകിൽ ഗെഹ്ലോട്ട് നിർദേശിക്കുന്ന ആൾ അല്ലെങ്കിൽ അതുവരെയും ഗെഹ്ലോട്ട് ആയിരിക്കണം മുഖ്യമന്ത്രിയെന്നാണ് എം.എൽ.എമാരുടെ ആവശ്യം. സചിൻ പൈലറ്റിനെയോ അദ്ദേഹത്തിന്റെ പക്ഷക്കരെയോ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നും എം.എൽ.എമാർ അറിയിച്ചു.
അടുത്ത മുഖ്യമന്ത്രിയെ ഒക്ടോബർ 19ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തെരഞ്ഞെടുത്താൽ മതിയെന്നാണ് എം.എൽ.എമാർ പറയുന്നത്. ലെജിസ്ലേറ്റീവ് പാർട്ടി മീറ്റിങ് അന്ന് നടത്തിയതാൽ മതി. 2020ൽ സചിൻ പൈലറ്റിന്റെ വിമത നീക്കത്തിനിടെ പാർട്ടി പ്രതിസന്ധിയിലായപ്പോൾ പാർട്ടിക്കൊപ്പം നിന്ന 102 എം.എൽ.എമാരിൽ ഒരാളായിരിക്കണം മുഖ്യമന്ത്രിയെന്നും ഗെഹ്ലോട്ട് പക്ഷം വാദിച്ചു.
മുഖ്യമന്ത്രി തീരുമാനിച്ച് വിളിച്ച കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയോഗത്തിനാണ് തങ്ങൾ എത്തിയതെന്ന് അജയ് മാക്കെൻ പറഞ്ഞു. എന്നാൽ വളരെ അസാധാരണമായി എം.എൽ.എമാർ യോഗത്തിൽ പങ്കെടുത്തില്ല. അവർക്ക് എന്താണ് ആവശ്യം എന്നറിയാൻ തങ്ങൾ ഓരോ എം.എൽ.എമാരെയും കണ്ട് സംസാരിച്ചുവെന്നും മാക്കെൻ പറഞ്ഞു. മുഖ്യമന്ത്രിയാരാണെന്ന് ഒക്ടോബർ 19ന് ശേഷം തീരുമാനിച്ചാൽ മതിയെന്നാണ് ആവശ്യം. കോൺഗ്രസ് പ്രസിഡന്റിന്റെ താത്പര്യത്തിന് വിരുദ്ധമായി മുഖ്യമന്ത്രിയെ തീരുമാനിക്കാതിരിക്കാനാണ് അത്. ഒക്ടോബർ 19ന് ശേഷം ഗെഹ്ലോട്ടായിരിക്കും പ്രസിഡന്റ്. അദ്ദേഹത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനുള്ള വഴിയാണ് എം.എൽ.എമാർ തേടുന്നതെന്നും അജയ് മാക്കെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.