ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നതിൽ ആക്ഷേപമുള്ള ഇരകൾക്ക് ഹരജി സമർപ്പിക്കാമെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ മൂന്നാഴ്ചക്കകം പുതിയ ഹരജികൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവിന് മുമ്പിൽ എൽ.ടി.ടി.ഇ അംഗം തനു എന്ന വനിതാ ചാവേർ െപാട്ടിത്തെറിക്കുകയായിരുന്നു. ഈ ദുരന്തത്തിൽ രാജീവിനെ കൂടാതെ 14 പേർ കൊല്ലപ്പെട്ടിരുന്നു.
ഈ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ ശിപാർശക്കെതിരെ രംഗത്തു വന്നത്. കൂടാതെ, ഈ ആവശ്യം ഉന്നയിച്ച് ഇരകൾ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കാണുകയും സർക്കാറിന്‍റെ ശിപാർശക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന എ.ജി. പേരറിവാളന്റെ ദയാഹരജി പരിഗണിച്ച സുപ്രീംകോടതി, ഉചിത നടപടി സ്വീകരിക്കാൻ തമിഴ്നാട് ഗവർണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏഴു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ നീക്കത്തിനെതിരെ കേന്ദ്രം നൽകിയ അപേക്ഷ തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്.
തുടർന്ന് വധക്കേസിൽ 27 വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ്, നളിനി എന്നിവരെ മോചിപ്പിക്കാൻ ഗവർണറോട് അണ്ണാ ഡി.എം.കെ സർക്കാർ ശിപാർശ ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ ഗവർണർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.