ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി, ഇളവ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.കെ. ശശിധരൻ, ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം നിരസിച്ചത്. വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
സി.ബി.െഎപോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിൽ കുറ്റവാളികളെ വിട്ടയക്കാൻ കേന്ദ്രത്തിെൻറ അനുമതി കൂടിവേണമെന്ന് സുപ്രീംകോടതി മറ്റൊരു കേസിൽ വിധിച്ചതും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 20 വർഷം പൂർത്തിയാക്കിയ തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന 1994ലെ സംസ്ഥാന സർക്കാർ നിയമപ്രകാരം തനിക്കും ഇളവ് നൽകാൻ ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി രണ്ടു വർഷം മുമ്പ് നൽകിയ ഹരജി മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് തള്ളിയിരുന്നു. രാജീവ് ഗാന്ധി വധത്തിൽ ശിക്ഷിക്കപ്പെട്ട നളിനിയടക്കം ഏഴു പേരെയും വിട്ടയക്കാൻ നാലു വർഷം മുമ്പ് അണ്ണാ ഡി.എം.കെ സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ യു.പി.എ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഭരണഘടന െബഞ്ചിെൻറ പരിഗണനയിലാണ്. രാജീവ് ഗാന്ധി വധക്കേസിൽ മുരുകൻ, ഇയാളുടെ ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് ലഭിച്ച വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. വെല്ലൂർ ജയിലിൽ തടവിൽ കഴിയുന്ന നളിനിക്കും മറ്റ് പ്രതികൾക്കും സംസ്ഥാന സർക്കാർ ഇടക്ക് പരോൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.