രാജീവ് വധം: യഥാര്‍ഥ ഗൂഢാലോചകര്‍ ആരെന്ന് സി.ബി.ഐയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധത്തിലെ ഉന്നത ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതി പേരറിവാളന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സുപ്രീംകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. രണ്ട് ദശകമായി പേരറിവാളന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്.

വെല്ലൂര്‍ ജയിലില്‍ കഴിയുന്ന പേരറിവാളന്‍ അഡ്വ. പ്രഭു മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിരുന്നോ? ആരാണ് വധത്തിന് പിന്നിലെ യഥാര്‍ഥ ഗൂഢാലോചകര്‍? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടത്. കേസില്‍ സി.ബി.ഐ ഒഴിവാക്കിയ മേഖലകളില്‍കൂടി അന്വേഷണം നടത്തണമെന്ന പേരറിവാളന്‍െറ അപേക്ഷയില്‍ ടാഡ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരമൊരു അന്വേഷണം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ആവശ്യമുണ്ടെന്നായിരുന്നു പേരറിവാളന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍െറ മറുപടി.

രാജീവ് വധത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന ഭാഗത്തേക്ക് സി.ബി.ഐ കടന്നില്ളെന്ന് അദ്ദേഹം തുടര്‍ന്നു. കേസിന്‍െറ മുഴക്കം കഴിഞ്ഞിട്ടും വിചാരണ കഴിഞ്ഞിട്ടും ഇനിയുമെന്തോ ചെയ്യാനുണ്ടെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചപ്പോള്‍ അതെ, ടാഡ കോടതി ആവശ്യപ്പെട്ടത് ഇത്തരമൊരു അന്വേഷണം വേണമെന്നാണെന്ന് ധവാന്‍ പ്രതികരിച്ചു. ആരാണ് യഥാര്‍ഥ ഗൂഢാലോചകരെന്ന് കണ്ടത്തൊന്‍ സി.ബി.ഐക്ക് ടാഡ കോടതി നിര്‍ദേശം നല്‍കിയതാണെന്നും ധവാന്‍ ചൂണ്ടിക്കാട്ടി.

രാജീവ് വധത്തിലുള്‍പ്പെട്ട ഉന്നതരിലേക്ക് അന്വേഷണം പോയിട്ടില്ളെന്ന് ടാഡ കോടതിയില്‍ പേരറിവാളന്‍ ബോധിപ്പിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നളിനി താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഈയിടെ പുറത്തിറക്കിയ ആത്മകഥയില്‍ വിവരിച്ചിരുന്നു. രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് അന്ന് ആരോപണമുന്നയിച്ചിരുന്നു.

 

Tags:    
News Summary - rajiv gandhi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.