അഹമ്മദാബാദ്: ലോക്ക് ഡൗൺ കാരണം ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള മലയാളികൾക്ക് നാട്ടിലെത്താൻ പ്രഖ്യാപിച്ച ട്രെയിനിെൻറ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശനിയാഴ്ച രാത്രി രാജ്കോട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. അതിർത്തി പ്രദേശമായ ഗാന്ധിധാം മുതൽ മറ്റൊരു അതിർത്തി പ്രദേശമായ ഉമർഗാവ് വരെയുള്ള യാത്രക്കാരാണ് സ്പെഷ്യൽ ട്രെയിനിനായി യാത്രക്കൊരുങ്ങിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും കേരള സർക്കാറിൽനിന്നും ലഭിച്ച നിർദേശപ്രകാരമാണ് ഗുജറാത്തിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിെൻറ യാത്ര റദ്ദാക്കിയതെന്ന് ഗുജറാത്തിലെ നോഡൽ ഒാഫിസർ അറിയിച്ചു. ഇതോടെ ഗുജറാത്തിലെ മലയാളികൾക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നു.
തിങ്കളാഴ്ചക്കുശേഷമുള്ള മറ്റൊരു തീയതിയിൽ പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സമാജങ്ങൾ മുൻകൈയെടുത്താണ് ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ലിസ്റ്റ് തയാറാക്കി അധികൃതർക്ക് സമർപ്പിച്ചത്. രാജ്കോട്ടിൽനിന്ന് രാത്രി 10ന് ശനിയാഴ്ച പുറപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് 4.05ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലായിരുന്നു ഷെഡ്യുൾ. വഡോദര, സൂറത്ത്, വാപി, കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിരുന്നു.
ആദ്യഘട്ടത്തിൽ അഹമ്മദാബാദിൽനിന്നും പിന്നീട് മറ്റു ജില്ലകളിൽനിന്നും ട്രെയിൻ അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. മേയ് 12ന് അഹമ്മദാബാദിൽനിന്ന് ആദ്യ ട്രെയിൻ പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. കേരളത്തിെൻറ മറുപടി ലഭിക്കാത്തതിനാൽ അതു മുടങ്ങി. പിന്നീട് മേയ് 16ന് പുറപ്പെടുമെന്നായി. ഇതിനോടും കേരളം മുഖം തിരിച്ചു. അവസാനം മേയ് 23ന് പ്രഖ്യാപിച്ച ട്രെയിനും റദ്ദാക്കി. അഹമ്മദാബാദിൽനിന്ന് രജിസ്റ്റർ ചെയ്ത 2000ത്തോളം പേരിൽ പലരും ബസിലും മറ്റു വാഹനങ്ങളിലുമായി നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. കോവിഡ് 19 കേസുകളും മരണവും വർധിക്കുന്ന അഹമ്മദാബാദ് നഗരത്തിൽ ദിവസംചെല്ലും തോറും സ്ഥിതി വഷളാവുകയാണ്.
കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ പോലും ലഭിക്കാത്ത സാഹചര്യത്തിൽ ട്രെയിൻ അനുവദിച്ചാൽ കേരളത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കുട്ടികളും പ്രായമായവരുമടക്കമുള്ള പലരും. 1400 ഒാളം പേർ ഇനിയും അഹമ്മദാബാദിൽനിന്നുമാത്രം മടങ്ങാനുണ്ട്. റെഡ്സോണിൽനിന്നുള്ള മലയാളികളുടെ മടക്കം തൽക്കാലം നിരുത്സാഹപ്പെടുത്താനാണ് കേരളത്തിെൻറ തീരുമാനമെന്നറിയുന്നു. എന്നാൽ, മുംബൈ അടക്കമുള്ള അതിതീവ്ര മേഖലയിൽനിന്നുപോലും കേരളത്തിലേക്ക് ട്രെയിൻ പുറപ്പെട്ടിട്ടും അഹമ്മദാബാദിെൻറ കാര്യത്തിൽ ചിറ്റമ്മ നയമാണ് കേരളം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. 13 ലക്ഷം ഇതരസംസ്ഥാനക്കാരെയാണ് ഗുജറാത്ത് സർക്കാർ തിരിച്ചയക്കുന്നത്. കേരളം ഒഴിെകയുള്ള സംസ്ഥാനങ്ങളിലേക്കായി ഇതിനകം 562 ശ്രമിക് ട്രെയിനുകൾ സർവിസ് നടത്തി. ഒരാഴ്ചക്കുള്ളിൽ 350 ട്രെയിനുകൾ കൂടി ശ്രമിക് എക്സ്പ്രസായി സർവിസ് നടത്തുമെന്നാണ് ഗുജറാത്ത് സർക്കാറിെൻറ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.